Your Image Description Your Image Description

കാസര്‍ഗോഡ് : നമ്മുടെ കാസര്‍കോട് പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിന് പുതിയ മുഖച്ഛായ നല്‍കുന്ന സ്വതന്ത്ര സമര-സാംസ്‌കാരിക ഇടനാഴി രൂപീകരിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രദേശം ജില്ല കളക്ടര്‍ കെ ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. കാസര്‍കോട് ജില്ലയുടെ മുഖച്ഛായ മാറ്റുന്ന ‘നമ്മുടെ കാസര്‍കോട് പരിപാടി അവലോകന യോഗത്തിലായിരുന്നു പൈതൃക ഇടനാഴി നിര്‍ദ്ദേശമുണ്ടായത്.

ദേശീയ പ്രസ്ഥാനത്തിന്റേയും കര്‍ഷക പ്രസ്ഥാനത്തിന്റേയും പോരാട്ട കേന്ദ്രങ്ങളായിരുന്ന ഇവിടങ്ങളിലൂടെ കാസര്‍കോട് ജില്ലയിലെ മഹാരഥന്മാരായ മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ എ.സി.കണ്ണന്‍ നായര്‍, രസിക ശിരോമണി കോമന്‍ നായര്‍, വിദ്വാന്‍ പി.കേളു നായര്‍, വിദ്വാന്‍ കെ കെ നായര്‍ സ്വാതന്ത്ര്യ സമര സേനാനി കെ മാധവന്‍ എന്നിവരുടെ സ്മരണ നിലനിര്‍ത്തുന്ന തരത്തില്‍ ചിത്രങ്ങളും ശില്‍പ്പങ്ങളും ഉദ്യാനങ്ങളുമടങ്ങിയ ഒരു ഇടനാഴി വികസിപ്പിച്ചാല്‍ അത് ജില്ലയുടെ സാംസ്‌കാരിക തനിമയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു.

വിഖ്യാത ശില്പി കാനായി കുഞ്ഞിരാമനും ഈ പ്രദേശത്താണ് താമസിക്കുന്നത്. പരമ്പരാഗത തൊഴിലുകള്‍ ആയ കൈത്തറി, ലോഹ, ദാരു ശില്പ നിര്‍മ്മാണം, തെയ്യം ചമയങ്ങളുടെ നിര്‍മ്മാണം, കളിമണ്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയുടെ പരമ്പരാഗത കേന്ദ്രം കൂടിയാണ് ഈ പ്രദേശം.

പരമ്പരാഗത രീതിയില്‍ എണ്ണയാട്ടുന്ന പ്രദേശം കൂടിയായിരുന്നു ഇവിടെ. ഇതുവഴി കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്താനും കഴിയും. പരമ്പരാഗത നിര്‍മ്മാണ രീതികള്‍ വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും ഇടനാഴി ഉപകരിക്കും.

മടിയന്‍ കൂലോം, അടോട്ട് ,കൈത്തറി ഗ്രാമം, മഹാകവി പിയുടെ ഭവനം, വിദ്വാന്‍ പി കേളുനായരുടെ സ്മാരകം, വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കിഴക്കുംകര, എസി കണ്ണന്‍ നായര്‍ സ്മാരകഗവ യുപി സ്‌കൂള്‍ എന്നിവിടങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.

സ്വതന്ത്ര സമര-സാംസ്‌കാരിക ഇടനാഴി എന്ന ആശയം ജില്ലയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് വളരെയേറെ ഗുണപ്രദമാണെന്ന് കളക്ടര്‍ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുവാന്‍ സാധിക്കുന്ന വിധം പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത്കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ പ്രസേനന്‍, ശ്യാംകുമാര്‍ പുറവങ്കര, കമാന്‍ഡര്‍ പി വി ദാമോദരന്‍, ബ്രിഗേഡിയര്‍ കെ എന്‍ പ്രഭാകരന്‍നായര്‍, എം കുഞ്ഞമ്പു പൊതൂവാള്‍ തുടങ്ങിയവര്‍ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *