Your Image Description Your Image Description

കാസർഗോഡ് : ലോക ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ വി രാംദാസ് നിര്‍വ്വഹിച്ചു.

സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സയന എസ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എന്‍.പി പ്രശാന്ത് നന്ദിയും പറഞ്ഞു.

ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സംബന്ധിച്ചു എ.എം.ആര്‍ നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ കെ. നായര്‍, ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രാമന്‍ സ്വാതി വാമന്‍ എന്നിവര്‍ ജില്ലയിലെ ഫാര്‍മസിസ്റ്റ്മാര്‍ക്കായി ക്ലാസ്സെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ആന്റി മൈക്രാബിയല്‍ റസിസ്റ്റന്‍സ് ഗൗരവകരമായ ഒരു പൊതുജനാരോഗ്യ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരിലും മൃഗങ്ങളിലും സസ്യവൃക്ഷാദികളിലും അണുബാധ തടയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന ആന്റി ബയോട്ടിക്കുകള്‍, ആന്റി വൈറലുകള്‍, ആന്റി ഫംഗലുകള്‍ തുടങ്ങിയ മരുന്നുകളുടെ ദുരുപയോഗവും, അശാസ്ത്രീയമായ ഉപയോഗവും മരുന്നുകളോട് രോഗാണുക്കള്‍ പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നു.

ഇത് പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിനും , ചികിത്സ സങ്കീര്‍ണ്ണമാക്കുന്നതിനും,, ചികിത്സാ ചെലവേറുന്നതിനും മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയില്‍ മരണങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നതിനും ഇടയാക്കും. ആന്റി മൈക്രാബിയല്‍ റസിസ്റ്റന്‍സ് ഫലപ്രദമായി നേരിടാന്‍ മരുന്നുകളുടെ ദുരുപയോഗം തടയേണ്ടതും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തേണ്ടതും ഏകാരോഗ്യം എന്ന ആശയത്തില്‍ അധിഷ്ഠിതമായി ജന്തുജന്യ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യ ശുചിത്വ ശീലങ്ങളുടെ പാലനം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും സജ്ജമാക്കേണ്ടതായിട്ടുണ്ട്.

ആന്റിബയോട്ടിക് ആവശ്യമില്ലെന്ന് ഡോക്ടര്‍ പറയുന്നുണ്ടെങ്കില്‍ ആന്റിബയോട്ടിക്ക് നിര്‍ബന്ധമായി ആവശ്യപ്പെടരുത്. ഡോക്ടര്‍ നിര്‍ദ്ദേശിച്ച ആന്റിബയോട്ടിക്കുകള്‍ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നിര്‍ദ്ദേശിക്കുകയോ പങ്കുവയ്ക്കുകയോ പാടുള്ളതല്ല. കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കുകള്‍ നമ്മുടെ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത് നമ്മുടെ ആരോഗ്യം പരിസ്ഥിതിയുടെയും ജീവജാലങ്ങളുടെയും ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു വളര്‍ത്തുമൃഗങ്ങള്‍ കോഴി താറാവ് ഇവയ്ക്ക് വെറ്റിനറി ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ മാത്രം നല്‍കുക.

AMR എല്ലാവരെയും ബാധിക്കുന്ന ഒരു വിഷയമാണ്. ഏകാരോഗ്യം എന്ന ആശയത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെയും ആരോഗ്യ ശുചിത്വ ശീലങ്ങള്‍ പാലിച്ചുകൊണ്ടും മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചു കൊണ്ടും ആന്റി മൈക്രാബിയല്‍ റസിസ്റ്റന്‍സ് തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികള്‍ ആകണമെന്നും പരിപാടിയുമായി ബന്ധപ്പെട്ട് ആരോഗ്യ സ്ഥാപനങ്ങള്‍ വഴി വിവിധ പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ.എ.വി രാംദാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *