Your Image Description Your Image Description

തിരുവനന്തപുരം : ശ്രുതിതരംഗം പദ്ധതിയുമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സഹകരിക്കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ഒപ്പു വച്ചു.

തുടക്കത്തിൽ രണ്ട് വർഷത്തേക്കാണ് ആരോഗ്യ വകുപ്പുമായി ഫൗണ്ടേഷൻ സഹകരിക്കുന്നത്. കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറിക്കും അനുബന്ധ സേവനമായ പ്രോസസറിന്റെ അപ്ഗ്രേഡ് പ്രവർത്തനത്തിനുമായി രണ്ട് വർഷ കാലയളവിലേക്ക് പാക്കേജ് തുകയുടെ 50 ശതമാനം നിശ്ചിത കേസുകൾക്ക് ധനസഹായം നൽകും. ഇതിനായി 13 കോടി രൂപ ഫൗണ്ടേഷൻ പദ്ധതിക്കായി നൽകും.

ശ്രവണ വൈകല്യം നേരിടുന്ന 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതിതരംഗം. നിലവിൽ ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്. ശ്രുതിതരംഗം പദ്ധതിയിൽ ലഭിച്ച എല്ലാ അപേക്ഷകൾക്കും സാങ്കേതിക സമിതി പരിശോധനകൾക്ക് ശേഷം അനുമതി നൽകിയിട്ടുണ്ട്.

കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്കായി സാങ്കേതിക സമിതി അംഗീകാരം നൽകിയ 132 കുട്ടികളിൽ 105 പേരുടെ ശസ്ത്രക്രിയകൾ പൂർത്തിയായി. 834 പേരിൽ 643 പേരുടെ ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തി. ഉപകരണങ്ങളുടെ പ്രോസസർ അപ്ഗ്രഡേഷന് വേണ്ടിയുള്ള 305 കുട്ടികളിൽ 271 പേരുടേത് പൂർത്തിയായി.

സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രത്തൻ യു ഖേൽക്കർ, ജോയിന്റ് ഡയറക്ടമാരായ ഡോ. ബിജോയ് ഇ, അല്ലി റാണി, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ, വിനോദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *