Your Image Description Your Image Description

കൽപ്പറ്റ: സി.പി.എം ആദിവാസികളെ അവഗണിക്കുകയാണെന്നും പാർട്ടിയിൽ ജാതി വിവേചനം ശക്തമാണെന്നും ആദിവാസി വിഭാഗത്തിൽ പെട്ട തന്നെ സി.പി.എം നിരന്തരം അവഗണിക്കുകയായിരുന്നുവെന്നും ആരോപിച്ച് ആദിവാസി ക്ഷേമ സമിതി സുൽത്താൻ ബത്തേരി ഏരിയാ പ്രസിഡന്റും ജില്ല കമ്മിറ്റി അംഗവും പാർട്ടി കൊളത്തൂർകുന്ന് ബ്രാഞ്ച് അംഗവുമായ ബിജു കാക്കത്തോട് രാജിവച്ചതായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊടകര കുഴൽ പണ കേസിൽ ഒട്ടേറെ വിവരങ്ങൾ തനിക്കറിയാം അതെല്ലാം അടുത്ത് തന്നെ വെളിപ്പെടുത്തും സി.കെ. ജാനുവുമായി ബി.ജെ.പി ഉണ്ടാക്കിയ ബന്ധത്തിലടക്കമുള്ള കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ബിജു കാക്കത്തോട് പറഞ്ഞു.

ആദിവാസി നേതാവ് സി.കെ. ജാനു അധ്യക്ഷയായി രൂപീകരിച്ച ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ(ജെ.ആർപി) മുൻ സംസ്ഥാന സെക്രട്ടറിയാണ് ബിജു. രണ്ടു വർഷം എൻഡി.എ ജില്ലാ കൺവീനറായിരുന്നു. അഖിലേന്ത്യാ പണിയ മഹാസഭയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരവേ മൂന്നര വർഷം മുൻപാണ് സി.പി.എമ്മിൽ ചേർന്നത്. ബത്തേരിയിൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ മുതിർന്ന നേതാവ് പി.കെ. ശ്രീമതിയാണ് ബിജുവിനെ ഹാരം അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചത്. പട്ടികവർഗത്തിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിൽപ്പെട്ടവർ നേതൃനിരയിലേക്കു കടന്നുവരാൻ പാർട്ടിയിലെ ജാതിചിന്ത വച്ചുപുലർത്തുന്നവർ അനുവദിക്കുന്നില്ലെന്ന് ബിജു പറഞ്ഞു.പാർട്ടി വേദിക്ക് പുറത്ത അഭിപ്രായം പറയുന്നവരെ പുർണമായും അവഗണിക്കുകയാണ് ചെയ്യുന്നത്. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം തുറന്നുപറയുന്നതും നേതാക്കളിൽ ചിലർക്ക് ദഹിക്കുന്നില്ല. പണിയ സമുദായാംഗമായ തന്നെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നതടക്കം ഓഫർ ലഭിച്ചിരുന്നു. ഇതൊന്നും പ്രാവർത്തികമാക്കിയില്ല. പാർട്ടി നിയന്ത്രണത്തിലുള്ള എ.കെ.എസിൻ്റെ നേത്യത്വത്തിലാണ് പതിറ്റാണ്ടുകൾക്ക് മുൻപ് ഭൂസമരം ആരംഭിച്ചത്. അതിപ്പോഴും തുടരുന്നത് സി.പി.എമ്മിൻ്റെ പട്ടികവർഗ സ്നേഹത്തിലെ കാപട്യത്തിന് ഉദാഹരണമാണെന്നും ബിജു കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *