Your Image Description Your Image Description

കാഞ്ഞങ്ങാട്: കഴിഞ്ഞ ഉത്രാടനാളിൽ രാത്രി പാളം മുറിച്ചുകടക്കവെ മൂന്നു സ്ത്രീകളുടെ മരണത്തിനിടയായ രണ്ടാം പ്ലാറ്റ് ഫോമിലേക്ക് കടക്കുന്ന നടവഴി റെയിൽവേ അടച്ചു. കഴിഞ്ഞ തിരുവോണത്തിന്റെ തലേന്നാണ് കോട്ടയം ചിങ്ങവനത്തെ ആലീസ്, ചിന്നമ്മ, എയ്ഞ്ചലീന എന്നിവർ ട്രെയിൻ തട്ടി മരിച്ചത്.പ്ലാറ്റ് ഫോമിന്റെ പടിഞ്ഞാറ് വശത്തുകൂടി പ്രവേശിക്കാൻ നാട്ടുകാർ ഉപയോഗിച്ച വഴി നേരത്തെ മതിൽ കെട്ടി അടച്ചതായിരുന്നു, ഇതിൽ കല്ലുവെച്ച് കയറിയായിരുന്നു യാത്രക്കാർ റെയിൽപാളം മുറിച്ചുകടന്നുകൊണ്ടിരുന്നത്. സ്റ്റേഷന് കിഴക്കുവശത്തുള്ളവർ പാളം മുറിച്ചുകടന്ന് മറുവശത്തേക്ക് പോകുന്നതും ഈവഴി യായിരുന്നു. നടപ്പാലവും എസ്കലേറ്ററുമടക്കമുള്ള സംവിധാനങ്ങൾ വടക്കുഭാഗത്ത് ഉടനെ പ്രാവർത്തിക മാക്കുമെന്ന റെയിൽവേ അധികൃതർ നൽകിയ ഉറപ്പുപാലിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടില്ല. മൂന്നുപേരുടെ മരണത്തിനിടയായ സംഭവത്തെ തുടർന്ന് ഉയർന്നുവന്ന രണ്ടാം നടപ്പാലമെന്ന ആവശ്യം ഇതുവരെയും പരിഗണിക്കാതെയാണ് ഇത്തരത്തിൽ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമിലേക്കുള്ള വഴി റെയിൽവേ അടച്ചത്. ഒന്നാം പ്ലാറ്റ് ഫോമിൽനിന്ന് രണ്ടാം പ്ലാറ്റ് ഫോമിലെത്താൻ ഉപയോഗപ്പെടുത്തുന്ന ട്രോളി പാത്ത് അടച്ചിട്ടില്ല. ഒന്നാം പ്ലാറ്റ് ഫോമിൽ പ്രവേശിക്കാതെ നേരിട്ട് രണ്ടാം പ്ലാറ്റ് ഫോമിലേക്ക് കട ക്കാനുള്ള അനധികൃതവഴിയാണ് അടച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *