Your Image Description Your Image Description

പാലക്കാട്: പി വി അൻവർ എംഎൽഎ നടത്തിയ റോഡ് ഷോയിൽ കൂലിക്ക് പങ്കെടുക്കാനെത്തിയതാണെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ സ്ത്രീകളെ ഭീഷണിപ്പെടുത്തി അൻവർ അനുകൂലികൾ. കൊടുവായൂർ സ്വദേശിനിയായ വൃദ്ധയായ സ്ത്രീ താൻ പണം വാങ്ങിയല്ല റാലിയിൽ പങ്കെടുത്തത് എന്ന് മാറ്റി പറയുന്ന വീഡിയോയും അൻവർ അനുകൂലികൾ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയിലാണ് ‘വയസായിപ്പോയി, അല്ലെങ്കിൽ ഇതിനുളള പണി ഞങ്ങൾ എടുത്തേനെ’ എന്ന ഭീഷണിയുള്ളത്.

കൂലിക്ക് ആളിനെ എത്തിച്ചെന്ന വിവരം വാർത്താചാനലുകളാണ് പുറത്തുവിട്ടത്. സിനിമാ ഷൂട്ടിംഗിന് പാേകുന്നവരാണ് തങ്ങളെന്നും ഏജന്റാണ് പ്രകടനത്തിന് വരാൻ വിളിച്ചതെന്നും റോഡ് ഷോയിൽ പങ്കെടുത്ത ചില സ്ത്രീകൾ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. സ്ത്രീകൾ ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് റോഡ് ഷോയിൽ അണിനിരന്നത്. ഇതിൽ പലർക്കും അൻവർ ആരെന്ന് അറിയുമായിരുന്നില്ല എന്നും മാധ്യമങ്ങൾ നൽകിയ പ്രതികരണങ്ങളിൽ നിന്നും വ്യക്തമായിരുന്നു.

‘കൊടുവായൂരിൽ നിന്നാണ് വരുന്നത്. വേറെ ഷൂട്ടിംഗിനൊക്കെ ഞങ്ങൾ പോകും. ഞങ്ങൾ എറണാകുളത്തൊക്കെ പോയിട്ടുണ്ട്. ഗുരുവായൂർ അമ്പലനടയുടെ ഷൂട്ടിംഗിന് പോയിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റ് അല്ല. നമ്മള് വേറെ ഏജന്റ് വിളിച്ചിട്ടുവന്നതാ. നസീമ എന്നുപറയുന്ന ഏജന്റാണ് വിളിച്ചത്. നങ്ങള് പതിനഞ്ചുപേർ വന്നിട്ടുണ്ട്. എത്രരൂപ തരുമെന്ന് പറഞ്ഞിട്ടില്ല. അത് തരുമ്പഴേ അറിയുളളൂ. ഞങ്ങൾ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് രണ്ടുമണിക്കാണ് എത്തിയത്. ഒപ്പമുള്ളവരാണ് പിന്നാലെയുള്ളത്’- ശക്തിപ്രകടനത്തിനെത്തിയ ഒരു സ്ത്രീ പറയുന്നു. സിനിമാ ഷൂട്ടിംഗിന് പോകുമ്പോൾ ഒരുദിവസം 500 മുതൽ 600 രൂപവരെ ലഭിക്കുമെന്നാണ് പ്രകടനത്തിനെത്തിയ മറ്റൊരു സ്ത്രീ പറയുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി സൈബറിടങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അൻവർ അനുകൂലികൾ മാധ്യമങ്ങളോട് പ്രതികരിച്ച സ്ത്രീയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നത്.

നിങ്ങളെയാരാ റാലിക്ക് വിളിച്ചത് എന്ന് ചോദിക്കുമ്പോൾ വേറെ ഒരാളാണ് വിളിച്ചത് എന്ന് സ്ത്രീ പറയുന്നുണ്ട്. ഡി.എം.കെയുടെ ആരെങ്കിലും വിളിച്ചിരുന്നോ പൈസ തന്നിരുന്നോ എന്നു ചോദിക്കുമ്പോൾ ആരും വിളിച്ചില്ലെന്നും പൈസ തന്നില്ലെന്നും സ്ത്രീ വീഡിയോയിൽ പറയുന്നു. “കേറിനിക്കാൻ പറഞ്ഞു, നിന്നു. അപ്പോൾ വേറെ ഒരാൾ വന്ന് ചോദിച്ചു നിങ്ങൾ വേറെ എവിടെങ്കിലും ജോലിക്കു പോകുന്നുണ്ടോ എന്ന്. അപ്പോൾ ഷൂട്ടിങ്ങിനും കാറ്ററിങ്ങിനും പോകുമെന്ന് പറഞ്ഞു.” എന്നിങ്ങനെയൊക്കെയാണ് സ്ത്രീ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്. വയസ്സായ ആളായി പോയി അല്ലെങ്കിൽ ഇതിനുള്ള പണി ഞങ്ങളെടുത്തേനെ എന്നായിരുന്നു അൻവറിന്റെ അനുയായി എന്ന് കരുതുന്ന ആളുടെ മറുപടി. നിങ്ങൾ ചെയ്തത് ശരിയായില്ല എന്നും ഇയാൾ പറയുന്നു.

പരിഹാസം ശക്തമായതോടെ മറുപടിയുമായി പിവി അൻവർ രംഗത്തെത്തി. ഡിഎംകെ (ഡെമോക്രാ​റ്റിക് മൂവ്‌മെന്റ് ഒഫ് കേരള) റാലിയിൽ സിപിഎം ചിലരെ തിരുകിക്കയറ്റി. അവരാണ് കൂലിക്ക് വന്നതെന്ന് പറയുന്നത്. ഇതിനുപിന്നിൽ സിപിഎം ആണ്. ഒരാളെയും പണം കൊടുത്ത് എത്തിച്ചിട്ടില്ലെന്നും അൻവർ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *