Your Image Description Your Image Description

തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം 29ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതോടെയാണ് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദാണ് കേസിൽ വാദം കേട്ടത്.

ജാമ്യം ലഭിച്ചാൽ ഇന്നുതന്നെ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് ദിവ്യ കോടതിയെ അറിയിച്ചു. ജില്ലാ കളക്ടർ യാത്രയയപ്പ് യോഗത്തിലേക്ക് അനൗദ്യോഗികമായി ക്ഷണിച്ചിരുന്നതായി ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ പറ‍ഞ്ഞു. യാത്രയപ്പ് ചടങ്ങിന് ഉണ്ടാകില്ലേ എന്നാണു കളക്ടർ ചോദിച്ചത്. യോഗത്തിനു വരുമെന്നു കളക്ടറെ ഫോണിലാണ് അറിയിച്ചത്. യോഗത്തിൽ സംസാരിക്കാൻ ക്ഷണിച്ചത് ഡപ്യൂട്ടി കളക്ടറാണെന്നും ദിവ്യ കോടതിയിൽ പറഞ്ഞു. അഭിഭാഷകനായ കെ.വിശ്വൻ മുഖേനയാണു ദിവ്യ മുൻ‌കൂർ ജാമ്യഹർജി സമർപ്പിച്ചത്.

അതേസമയം, ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും പൊലീസും എതിർത്തു. എന്നാൽ നിയമപരമായി ജാമ്യം ലഭിക്കാനുള്ള കാര്യങ്ങൾ കോടതിയെ ബോധിപ്പിച്ചതായി ദിവ്യയുടെ അഭിഭാഷകൻ പറ‍ഞ്ഞു. ജാമ്യാപേക്ഷയെ എതിർത്തു കക്ഷിചേരാൻ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കു വേണ്ടി അഡ്വ. പി.എം.സജിത വക്കാലത്ത് നൽകിയിരുന്നു. കുടുംബത്തിന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ ജോൺ എസ്.റാൽ‌ഫ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *