Your Image Description Your Image Description

വയനാട് : പൊതുവിദ്യാലയങ്ങളിലെ ബിരുദതല പൊതുപ്രവേശന പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം നേടാന്‍ പരിശീലനം നല്‍കാന്‍ കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍) തയ്യാറാക്കിയ കീ ടു എന്‍ട്രന്‍സ് പദ്ധതിയില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി.

സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗത്തിലെ എട്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലോഗിന്‍ സൗകര്യമൊരുക്കുന്ന കേരളത്തിലെ ബൃഹത്തായ പൊതുപ്രവേശന പരിശീലന സംവിധാനമാണ് കീ ടു എന്‍ട്രന്‍സ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിങ് സെലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഓരോ വിഷയങ്ങള്‍ക്കും അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നല്‍കും. പദ്ധതിയുടെ ഭാഗമായി കൈറ്റ് തയ്യാറാക്കിയ www.entrance.kite.kerala.gov.in പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. ചോദ്യങ്ങള്‍, അസൈന്‍മെന്റുകള്‍, മോക് ടെസ്റ്റ് എന്നിവ പോര്‍ട്ടലിലൂടെ ചെയ്യാം. ക്ലാസുകള്‍ സംപ്രേഷണം ചെയ്തതിന് ശേഷമാണ് പോര്‍ട്ടലില്‍ മോക് ടെസ്റ്റും അസൈന്‍മെന്റും ലഭ്യമാക്കുക.

ഇതിലൂടെ ഓരോ ക്ലാസിന്റെയും സ്‌കോര്‍ നോക്കി കുട്ടികള്‍ക്ക് നിരന്തരം മെച്ചപ്പെടുത്താം. കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, സ്റ്റാറ്റിസ്റ്റിക്‌സ്, ഇംഗ്ലീഷ്, ലോജിക്കല്‍ റീസണിങ്, സോഷ്യോളജി, ജ്യോഗ്രഫി എന്നീ വിഷയങ്ങളില്‍ ആണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. തുടര്‍ന്ന് മറ്റ് വിഷയങ്ങളും ഉള്‍പ്പെടുത്തും.

കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭ്യമാക്കുന്നതിന് സ്‌കൂളിലെ സാങ്കേതിക സൗകര്യങ്ങള്‍ ആവശ്യമെങ്കില്‍ സ്‌കൂള്‍ അധികൃതര്‍ ക്രമീകരണം ഒരുക്കും. കേീ ടു എന്‍ട്രന്‍സ്’ പരിപാടിയുടെ ഫലപ്രദമായ നടത്തിപ്പിന് എച്ച്.എസ്.എസ്.റ്റി, സൗഹൃദ കോ-ഓര്‍ഡിനേറ്റര്‍, കരിയര്‍ ഗൈഡ് എന്നിവരുള്‍പ്പെടുന്ന ഒരു ടീമിനെ ചുമതലപ്പെടുത്തും. സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും പരിശീലന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യിക്കും.

കൈറ്റ് വിക്ടേഴ്സിനു പുറമെ പി.എം ഇ-വിദ്യ ചാനലുകളിലും തത്സമയം ക്ലാസുകള്‍ കാണാം. കൈറ്റ് യുട്യൂബ് ചാനലില്‍ സംപ്രേഷണ ശേഷം ക്ലാസുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കും. വിദ്യാലയങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സംവിധാനം ഒരുക്കും. അധ്യാപകര്‍ക്കായി സംഘടിപ്പിച്ച പരിശീലനം വെള്ളമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. പനമരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. രമേശ് കുമാര്‍ അധ്യക്ഷനായി. കരിയര്‍ ഗൈഡന്‍സ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ബി. സിമില്‍, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബാലന്‍ കൊളമക്കൊല്ലി, മാസ്റ്റര്‍ ട്രെയിനര്‍ ഇ.വി. പ്രിയ, കരിയര്‍ ഗൈഡന്‍സ് ജില്ലാ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ മനോജ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *