Your Image Description Your Image Description

ഹൈദരബാദ്: ചൂട് ബിരിയാണി ലഭിച്ചില്ലെന്ന് ആരോപിച്ച് യുവാവ് ഹോട്ടലിലെ വെയിറ്ററെ ആക്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. ഞായറാഴ്ച രാത്രി ഹൈദരാബാദിലെ ഗ്രാന്‍ഡ് ഹോട്ടലിലാണ് സംഭവം. യുവാവ് വെയിറ്ററെ ആക്രമിച്ചതോടെ ഹോട്ടലിലെ മറ്റ് ജീവനക്കാര്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

രണ്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട കുടുംബമാണ് ബിരിയാണിക്ക് ചൂടില്ലെന്ന് പറഞ്ഞ് വെയിറ്ററുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതെന്നും പിന്നാലെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ പരാതി. എന്നാല്‍ ഹോട്ടല്‍ അധികൃതരുടെ ആരോപണങ്ങള്‍ തള്ളി പരാതിക്കാരനായ സുമിത് സിംഗ് എന്ന യുവാവ് രംഗത്തെത്തി. താനും കുടുംബവും മട്ടണ്‍ ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ബിരിയാണിക്കൊപ്പം ലഭിച്ച ഇറച്ചിക്ക് വേവ് കുറവുണ്ടായിരുന്നു. അക്കാര്യം വെയിറ്ററെ അറിയിച്ചതോടെ തിരിച്ചു കൊണ്ടുപോയി, ചൂടാക്കിയ ശേഷം അത് തന്നെ വിളമ്പി. ഇതോടെ ഭക്ഷണം മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെ വെയിറ്റര്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സുമിത് സിംഗിന്റെ പരാതി.

സുമിതിന്റെയും ഹോട്ടല്‍ മാനേജ്‌മെന്റിന്റെയും പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ‘ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം, സ്ത്രീകളോട് അപമര്യാദയായി പെരുമാറി തുടങ്ങിയ വകുപ്പുകളിലാണ് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. ഇരുവിഭാഗങ്ങളിലുമായി ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ചൂട് ബിരിയാണി നല്‍കാത്തതിന് യുവാവ് വെയിറ്ററെ ആക്രമിച്ചു. തുടര്‍ന്ന് മറ്റ് വെയിറ്റര്‍മാര്‍ തിരിച്ചടിച്ചതാണ് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചത്.’ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഹൈദരബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ സമീപത്തെ ആശുപത്രികളില്‍ ചികിത്സ തേടിയ ശേഷം വീടുകളിലേക്ക് മടങ്ങി. കേസില്‍ പ്രതികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡിസിപി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *