Your Image Description Your Image Description

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൂടുതൽ വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും. ഇതിനായി മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങളൊരുക്കും.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. മികച്ച ചികിത്സയോടൊപ്പം പകർച്ചവ്യാധി പ്രതിരോധവും മുന്നിൽ കണ്ടുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ കർശനമായ പരിശോധനകൾ നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പമ്പ ആശുപത്രിയിൽ വിപുലമായ കൺട്രോൾ റൂം സ്ഥാപിക്കും.

മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് മതിയായ സംവിധാനങ്ങൾ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും മന്ത്രി നിർദേശം നൽകി. വിവിധ സ്പെഷ്യാലിറ്റികളിലെ ഡോക്ടർമാരെ ആരോഗ്യ വകുപ്പിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും നിയോഗിക്കും. മെഡിക്കൽ കോളേജുകളിൽ നിന്നും വിദഗ്ധ കാർഡിയോളജി ഡോക്ടർമാരേയും ഫിസിഷ്യൻമാരേയും നിയോഗിക്കും.

സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), നീലിമല, അപ്പാച്ചിമേട് എന്നീ സ്ഥലങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്‌പെൻസറികൾ പ്രവർത്തിക്കും. പമ്പയിലേയും സന്നിധാനത്തേയും ആശുപത്രികൾ നവംബർ 1 മുതൽ പ്രവർത്തിക്കും. ബാക്കിയുള്ളവ നവംബർ 15 മുതൽ പ്രവർത്തനമാരംഭിക്കും. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, കാർഡിയാക് മോണിറ്റർ എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂർണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും.

പമ്പയിലും സന്നിധാനത്തും ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തിക്കും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ താത്ക്കാലിക ഡിസ്‌പെൻസറിയും പ്രവർത്തിക്കും. മതിയായ ആംബുലൻസ് സൗകര്യങ്ങളും ക്രമീകരിക്കും.

അടൂർ ജനറൽ ആശുപത്രിയി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, ഇതുകൂടാതെ എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുമളി, ചെങ്ങന്നൂർ തുടങ്ങി 15 ഓളം ആശുപത്രികളിൽ പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഒരുക്കും. കോട്ടയം മെഡിക്കൽ കോളേജിൽ തീർത്ഥാടകർക്കായി മികച്ച സൗകര്യമൊരുക്കും.

പമ്പ മുതൽ സന്നിധാനം വരെയുളള കാൽനട യാത്രയിൽ തീർത്ഥാടകർക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ചിലപ്പോൾ ഹൃദയാഘാതം വരെയോ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ഫലപ്രദമായി നേരിടാൻ ആരോഗ്യവകുപ്പ് ഈ വഴികളിൽ അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ ഏർപ്പെടുത്തുന്നതാണ്.

എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവ പമ്പ മുതൽ സന്നിധാനം വരെയുള്ള യാത്രക്കിടയിൽ 15 സ്ഥലങ്ങളിലായി സ്ഥാപിക്കും. കാനനപാതയിൽ 4 എമർജൻസി സെന്ററുകളും സ്ഥാപിക്കും. ഹൃദയാഘാതം വരുന്ന തീർത്ഥാടകർക്കായി ആട്ടോമേറ്റഡ് എക്‌സ്റ്റേണൽ ഡിബ്രിഫ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സുമാർ 24 മണിക്കൂറും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. ആയുഷ് മേഖലയിൽ അധിക തെറാപ്പിസ്റ്റുകൾ ഉൾപ്പെടെയുള്ള സേവനമൊരുക്കും.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, പത്തനംതിട്ട ജില്ലാ കളക്ടർ, ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *