Your Image Description Your Image Description

തിരുരങ്ങാടി: തിരുരങ്ങാടി, പന്താരങ്ങാടി, കരിപറമ്പ്, പാലത്തിങ്ങൽ, മൂന്നിയൂർ, കക്കാട്, വെന്നിയൂർ തുടങ്ങിയ മേഖലകളിൽ എഴുത്ത് ലോട്ടറി സജീവമാണ്. കൂലി ത്തൊഴിലാളികളും അന്തർ സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെയുള്ള നിരവധി ആളുകളാണ് ആയിരക്കണക്കിന് രൂപക്ക് എഴുത്ത് ലോട്ടറി എഴുതി പണം കളയുന്നത്. ചെറിയ പീടിക മുറിയെടുത്ത് പേരിന് കേരള ലോട്ടറി വെച്ച് ഇതിന്റെ മറവിൽ എഴുത്ത് ലോട്ടറി വ്യാപകമാക്കുന്നത് ഈ മേഖലയിലെ സ്ഥിരം കാഴ്‌ചയാണ്. അങ്ങാടികൾ കേന്ദ്രീകരിച്ച് വ്യക്തികൾ തുണ്ട് പേപ്പറിൽ നമ്പർ എഴുതിക്കൊടുക്കുന്നതും സ്ഥിരമാണ്. സംസ്ഥാന ലോട്ടറിയുടെ അടക്കം നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം ലഭിച്ച നമ്പറിലെ അവസാന മൂന്ന് അക്കങ്ങൾ എഴുതുന്നവർക്കാണ് പണം ലഭിക്കുക. നമ്പർ ശരിയായി വന്നാൽ പണം ഉടൻ ലഭിക്കും എന്നതിനാലാണ് നിരവധി പേർ ഈ പരീ ക്ഷണത്തിന് മുതിരുന്നത്. എളുപ്പ മാർഗത്തിൽ പണം നേടാൻ കഴിയുമെന്ന വിശ്വാസത്തിൽ തകരുന്നത് നിരവധി പേരുടെ ജീവിതമാണ്.എഴുത്ത് ലോട്ടറി മൂലം ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത വന്നവർ ഏറെയാണ്.എഴുത്ത് ലോട്ടറി എഴുതേണ്ടവർ പ്രാദേശിക ഏജന്റിനെ സമീപിക്കുകയോ സ്ഥിരം എഴുതുന്നവർ ഫോണിലൂടെ പറഞ്ഞു കൊടുക്കുകയോ ചെയ്യും. ഇത് ഏജൻ്റ് അവരുടെ മുകളിലേക്ക് കൈമാറും. നറുക്കെടുപ്പിന് ശേഷം വിജയികൾക്കുള്ള സംഖ്യ ഏജൻ്റ് വഴി ലഭിക്കും. ചില ഏജൻ്റുമാർ എഴുതിയ സംഖ്യയും നമ്പറും മുകളിലേക്ക് നൽകാറില്ല, വരാത്ത നമ്പറിൻ്റെ സംഖ്യ ഏജൻ്റിന് സ്വന്തമാക്കാം എന്നതിനാലാണ് ഇപ്രകാരം ചെയ്യുന്നതെന്നാണ് അറിയുന്നത്.നികുതിയോ മറ്റു ചെലവുകളോ ഇല്ലാത്തതിനാലും വൻ ലാഭം കൊതിച്ചും നിരവധി പുതിയ ഏജന്റുമാർ എഴുത്ത് ലോട്ടറിയുമായി വരുന്നുണ്ട്. പൊലീസ് നിരീക്ഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *