Your Image Description Your Image Description

തിരുവനന്തപുരം:  സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്  സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയെ (ഐ.സി.ടി.എ.കെ.) ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സ് ആന്‍ഡ് കരിയര്‍ പ്ലാനിങ് എന്ന പേരിലുള്ള നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നൈപുണ്യ പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുകയാണ് ഇതിന്റെ ലക്ഷ്യം. സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലകളിലായുള്ള എണ്ണൂറോളം കോളജുകളിലായാണ് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ സഹായത്തോടെ കേന്ദ്രം ആരംഭിക്കുന്നത്.  നൈപുണ്യ പരിശീലനവുമായി ബന്ധപ്പെട്ടുള്ള പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്യുക, വിലയിരുത്തല്‍, സര്‍ട്ടിഫിക്കേഷന്‍, ഇന്റേണ്‍ഷിപ്പ്, ഐടി സ്ഥാപനങ്ങളിലെ പരിശീലനം, തൊഴില്‍പഠനം പൂര്‍ത്തിയായവര്‍ക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കുക എന്നിവയാണ് ഐസിടി അക്കാദമി ഓഫ് കേരളയുടെ ദൗത്യമെന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള സി.ഇ.ഒ. ശ്രീ. മുരളീധരന്‍ മന്നിങ്കല്‍ പറഞ്ഞു.

തൊഴില്‍ രംഗവും പരമ്പരാഗത വിദ്യാഭ്യാസ മേഖലയും തമ്മിലുള്ള വിടവ് നികത്തി തൊഴില്‍ വിപണിയുടെ ആവശ്യകതയ്ക്ക് അനുസൃതമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള വിപുലമായ പ്രൊഫഷണല്‍ നൈപുണ്യ പ്രോഗ്രാമുകള്‍ പുതിയ കേന്ദ്രത്തില്‍ ഉറപ്പുവരുത്തും. നിലവില്‍, ഐ.സി.ടി. അക്കാദമി ഓഫ് കേരള 400-ലധികം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച്  പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ  കേരളത്തിലെ വിവിധ ഐടി പാര്‍ക്കുകളിലെ ഐ.സി.ടി. അക്കാദമിയുടെ സെന്ററുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനവും നല്‍കുന്നുണ്ട്.

സ്‌കില്‍ ഡെവലപ്‌മെന്റ് രംഗത്ത് പത്തുവര്‍ഷത്തിലധികം പ്രവര്‍ത്തിപരിചയമുള്ള ഐ.സി.ടി. അക്കാദമി ഓഫ് കേരള വ്യവസായ വിദഗ്ദ്ധരുമായി സഹകരിച്ച് രൂപകല്പന ചെയ്‌ത പാഠ്യപദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഐടി രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ ക്കനുസൃതമായുള്ള നൂതന കോഴ്‌സുകളായ ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, എഐ, ഡാറ്റാ അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ് മുതലായ തൊഴില്‍ സാധ്യതയേറിയ സ്‌കില്ലിംഗ് പ്രോഗ്രാമുകളാണ് ഐ.സി.ടി.എ.കെ. പ്രധാനമായും നല്‍കുന്നത്. സംരംഭകത്വത്തിനും നവീകരണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നൈപുണ്യ പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികളെ സ്വയം പര്യാപ്തമാക്കുകയെന്നതും ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ ലക്ഷ്യമാണെന്ന് സി.ഇ.ഒ. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *