Your Image Description Your Image Description

രത്തന്‍ ടാറ്റ എന്ന മനുഷ്യസ്നേഹിയെ ഒരു ഇന്ത്യക്കാരനും മറക്കാനാകില്ല. അത്രമേൽ വേദനയാണ് അദ്ദേഹത്തിന്റെ വിയോ​ഗം ഏൽപ്പിച്ചത്. ടാറ്റ ഗ്രൂപ്പിനെ ഒരു ആഗോള കമ്പനിയാക്കി പടുത്തുയർത്തിയത് രത്തൻ ടാറ്റ ആയിരുന്നു. ഇന്ത്യക്കാർക്ക് അദ്ദേഹം എത്രമേൽ പ്രിയപ്പെട്ട ആളാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ നിറയുന്നത്.

രത്തൻ ടാറ്റയുടെ മുഖം നെഞ്ചിൽ ടാറ്റുവായി പതിപ്പിച്ചാണ് ഒരു വ്യക്തി അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ചത്. എന്തുകൊണ്ടാണ് താൻ രത്തൻ ടാറ്റയെ ദൈവമായി കണക്കാക്കുന്നത് എന്നതിനുള്ള ഹൃദയസ്പർശിയായ വിശദീകരണം വീഡിയോയിൽ ഇദ്ദേഹം നൽകുന്നുമുണ്ട്. ടാറ്റു ആര്‍ട്ടിസ്റ്റായ മഹേഷ് ചവാൻ ആണ് ടാറ്റു ഡിസൈന്‍ ചെയ്തത്. അദ്ദേഹം തന്നെയാണ് ഈ വീഡിയോ themustachetattoo എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവെച്ചത്.

‘കുറച്ചുവർഷങ്ങൾക്ക് മുൻപ്, കാൻസർ രോ​ഗബാധിതനായ എന്റെ സുഹൃത്ത് ഏറെ ബുദ്ധിമുട്ടിയിരുന്നു. വലിയൊരു ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എന്നാൽ ഇവിടത്തെ ചികിത്സാ ചെലവ് താങ്ങാനാകുമായിരുന്നില്ല. അപ്പോഴാണ് ടാറ്റ ട്രസ്റ്റിനെ കുറിച്ച് അറിഞ്ഞത്. പിന്നീട് വലിയ മാറ്റം സംഭവിച്ചു. ചികിത്സ ചെലവ് മുഴുവനായും ടാറ്റ ട്രസ്റ്റ് വഹിച്ചു. എണ്ണമറ്റ ജീവനുകൾ ടാറ്റ ട്രസ്റ്റ് രക്ഷിച്ചപ്പോൾ അതിൽ ഒന്നിന് താൻ‌ സാക്ഷ്യംവഹിച്ചു. ടാറ്റൂ കുത്തിയ വ്യക്തി പറയുന്നു. രത്തൻ ടാറ്റ കൺകണ്ട ദൈവമാണെന്നും അദ്ദേഹത്തിന്റെ അമൂല്യ സംഭാവനകൾക്കുള്ള ആദരവിന്റെ ചെറിയ അടയാളമാണ് തന്റെ നെഞ്ചിൽ കുത്തിയ ടാറ്റൂവെന്നും വീഡിയോയിൽ പറയുന്നു

ഒക്ടോബർ ഒമ്പതിന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തന്‍ ടാറ്റയുടെ (86) അന്ത്യം. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം

Leave a Reply

Your email address will not be published. Required fields are marked *