Your Image Description Your Image Description

വയനാട് : ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും വയനാടന്‍ വിനോദ സഞ്ചാര മേഖലയെയും തിരികെ പിടിക്കാന്‍ അരങ്ങേറുന്ന വയനാട് ഉത്സവിന് തിരക്കേറുന്നു. ഉണരുന്ന വയനാടിന് പിന്തുണയുമായി ഒട്ടേറെ സഞ്ചാരികളും ജില്ലയിലേക്ക് വന്നെത്തുകയാണ്. കര്‍ണ്ണാടക തമിഴ്‌നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് കൂടിയിട്ടുണ്ട്. വയനാട് സുരക്ഷിതമാണ് എന്ന ജില്ലാ ഭരണകൂടത്തിന്റെ സന്ദേശ പ്രചാരണവും ലക്ഷ്യം കാണുകയാണ്.

വയനാട് ഉത്സവ് എന്ന പേരില്‍ കാരാപ്പുഴയിലും എന്‍ ഊരിലും നടക്കുന്ന മഹോത്സവത്തിലും സഞ്ചാരികളുടെ തിരക്കേറുകയാണ്.ജില്ലാ ഭരണകൂടവും കാരാപ്പുഴ ടൂറിസം മനനജ്‌മെന്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാ സാംസ്‌ക്കാരിക പരിപാടികളാണ് വിനോദസഞ്ചാരികള്‍ക്കും തദ്ദേശീയര്‍ക്കും വിരുന്നൊരുക്കുന്നത്.

പരിപാടികള്‍ ആസ്വദിക്കാനായി അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെധാരാളം കാണികളാണ് കാരാപ്പുഴ ഡാം ഗാര്‍ഡനില്‍ വ്യാഴായ്ച്ചയും എത്തിയത്. ഡാം ഗാര്‍ഡനിലെ ആംഫി തിയറ്റര്‍ വേദിയില്‍ നടക്കുന്ന കലാപരിപാടികള്‍ ആസ്വദിക്കാന്‍ നിരവധി പേരെത്തുന്നു.

പൂജാവധിയും ദസറ ആഘോഷങ്ങളും കണക്കിലെടുത്ത് ഓരോ ദിവസവും പ്രകാശ വിതാനങ്ങള്‍ ആധാരമാക്കിയുള്ള പ്രവേശന കവാടവും സജ്ജമാക്കുന്നുണ്ട്. കാരാപ്പുഴയില്‍ ശനിയാഴ്ച വൈകിട്ട് ഡാം ഗാര്‍ഡന്‍ വേദിയില്‍ കടത്തനാടന്‍കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദര്‍ശനം അരങ്ങേറും. തുടര്‍ന്ന് ജിതിന്‍ സണ്ണി മെന്റലിസം അവതരിപ്പിക്കും. എന്‍ ഊരിലും വയനാട് ഉത്സവിന്റെ ഭാഗമായി വേറിട്ട കലാപരിപാടികള്‍ അരങ്ങേറുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെ തുടികൊട്ടല്‍, വട്ടക്കളി, നെല്ലുകുത്ത് പാട്ട്, വീഡിയോ പ്രദര്‍ശനം എന്നിവയുണ്ടാകും. ശനിയാഴ്ച രാവിലെ 10 മുതല്‍ കണിയാമ്പറ്റ എം.ആര്‍.എസ്സിലെ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. വൈകീട്ട് 4 മുതല്‍ 6.30 വരെ കമ്പളക്കാട് യുവപാണ്ഡവ നാടന്‍ പാട്ടുകളും നാടന്‍ കലാരൂപങ്ങളും അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *