Your Image Description Your Image Description

കൊച്ചി: വില്‍പനയില്‍ ഇരട്ട അക്ക വളര്‍ച്ച തുടര്‍ന്ന് ഉത്സവ സീസണിന് മികച്ച തുടക്കമിട്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). 2024 സെപ്റ്റംബറില്‍ 5,83,633 യൂണിറ്റ്  ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 11 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ആകെ വില്‍പനയില്‍ 5,36,391 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 47,242 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 34 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തര വില്‍പനയില്‍ 9 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.  2024 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 28,81,419 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയില്‍ ഹോണ്ട വിറ്റഴിച്ചത്, 2,76,958 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തതും ശ്രദ്ധേയമാണ്.

തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഐലന്‍ഡ്സ് കേന്ദ്ര ഭരണ പ്രദേശവും ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ വിപണിയില്‍ 10 ദശലക്ഷത്തിലധികം ആക്ടിവ യൂണിറ്റ് വില്‍പനയെന്ന നാഴികക്കല്ലും സെപ്റ്റംബറില്‍ ഹോണ്ട സ്വന്തമാക്കി. കോഴിക്കോട് സേഫ്റ്റി ഡ്രൈവിങ് എജ്യുക്കേഷന്‍ സെന്‍ററിന്‍റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചതോടൊപ്പം, രാജ്യത്തെ 12 നഗരങ്ങളില്‍  റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്യാമ്പയിനുകളും ഹോണ്ട കഴിഞ്ഞ മാസം സംഘടിപ്പിച്ചു.

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിലും, 2024 എആര്‍ആര്‍സിയിലും ഹോണ്ട റേസിങ് ഇന്ത്യ ടീം റൈഡര്‍മാരുടെ മികച്ച പ്രകടനത്തിനും പോയ മാസം സാക്ഷിയായി. നാലാം റൗണ്ടില്‍ മലയാളി താരം മൊഹ്സിന്‍ പറമ്പന്‍ ഇരട്ടവിജയം നേടിയപ്പോള്‍, പ്രകാശ് കാമത്ത്, സിദ്ധേഷ് സാവന്ത് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ അഞ്ചാം റൗണ്ടില്‍ നിര്‍ണായകമായ ഒരു പോയിന്‍റ് നേടി ആകെ പോയിന്‍റ് നേട്ടം 13 ആക്കി ഉയര്‍ത്താനും ഐഡിമിത്സു ഹോണ്ട ഇന്ത്യ റേസിങ് ടീമിന് സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *