Your Image Description Your Image Description

കൊച്ചി: വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റം വരുത്തുന്ന സുപ്രധാന ചുവടുവയ്പ്പുമായി അസ്സീസി വിദ്യാനികേതൻ പബ്ലിക് സ്കൂൾ. വിദ്യാഭ്യാസ, സാങ്കേതിക വിദ്യയിലെ മുൻനിരക്കാരായ എഡ്യുബ്രിസ്കുമായി സഹകരിച്ച് ന്യൂറോ സയൻസ്, ഡാറ്റാ സയൻസ് അധിഷ്ഠിത അധ്യാപന-പഠന രീതികൾ ആദ്യമായി അവതരിപ്പിക്കുകയാണ്  സ്കൂൾ. വിദ്യാർത്ഥികൾക്ക് സമഗ്രവും വ്യക്തിഗതവുമായ പഠനാനുഭവം  പ്രദാനം ചെയ്യാൻ അക്കാദമിക് ബ്രിഡ്ജ് സെന്റർ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ പരമ്പരാഗത അദ്ധ്യാപന രീതികളും ആധുനിക വിദ്യാഭ്യാസ ത്തിന്റെ ആവശ്യങ്ങളും തമ്മിലുള്ള വിടവ് നികത്തുകയാണ് ലക്ഷ്യം.

“പഠനത്തിൽ  ഒരു കുട്ടിയും പിറകിലായി പോകരുത് എന്ന ലക്ഷ്യത്തോടെ, വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന പഠനാവശ്യങ്ങൾക്കായി രൂപകല്പന ചെയ്തിട്ടുള്ളതാണ് എഡ്യൂബ്രിസ്‌ക് പ്രായോജകരായിട്ടുള്ള അക്കാദമിക് ബ്രിഡ്ജ് സെൻ്റർ”. -കൊച്ചി ചെമ്പുമുക്ക് അസീസി വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സുമ പോൾ പറഞ്ഞു.

“മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് വിജയിക്കാൻ ആവശ്യമായ വൈദഗ്ധ്യവും അറിവും കൊണ്ട് വിദ്യാർത്ഥികൾ സജ്ജമാണെന്ന് ഉറപ്പുവരുത്താൻ, വിദ്യാർത്ഥികളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെട്ടും ആവശ്യാനുസരണം മാറ്റം വരുത്തിയും പരിപോഷിപ്പിച്ചും ഈ പങ്കാളിത്തം തുടരും” -എഡ്യൂബ്രിസ്ക് സ്ഥാപകനും സിഇഒയുമായ കമാൻഡർ സൈജു അരവിന്ദ് പറഞ്ഞു.

വിദ്യാഭ്യാസത്തോടുള്ള അത്യാധുനിക സമീപനത്തിന് പേരുകേട്ട എഡ്യൂബ്രിസ്ക് അധ്യാപനവും പഠനവും മെച്ചപ്പെടുത്തുന്നതിന് ന്യൂറോ സയൻസ്, ഡാറ്റ സയൻസ്, എഐ/എംഎൽ എന്നിവയെ ഉപയോഗപ്പെടുത്തുന്നു. എഡ്യൂബ്രിസ്‌ക് വഴി, പഠന വിടവുകൾ തിരിച്ചറിയാനും കൃത്യമായ ഇടപെടൽ നടത്താനുമുള്ള മാർഗങ്ങളും ഉയ‌ർന്ന നേട്ടങ്ങൾ ലക്ഷ്യമിട്ടിട്ടുള്ളവ‌ർക്ക് വിപുലമായ പഠനോപാധികളും വാഗ്ദാനം ചെയ്യുന്നു. നാല് രാജ്യങ്ങളിലായി 104-ലധികം സ്‌കൂളുകളിൽ സാന്നിധ്യമുള്ള എഡ്യൂബ്രിസ്‌ക് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും 2030ഓടെ ഒരു ദശലക്ഷം വിദ്യാർത്ഥികളെ ശാക്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.  

Leave a Reply

Your email address will not be published. Required fields are marked *