Your Image Description Your Image Description

ഇന്ന് വിനായക ചതുർത്ഥി. ശിവൻറെയും പാർവതിയുടേയും പുത്രനായ ഗണപതിയുടെ പിറന്നാളാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്.  ഭാദ്രപാദ മാസത്തിലെ വിനായക ചതുര്‍ത്ഥിയാണ് ചതുര്‍ത്ഥികളില്‍ ഏറെ വിശേഷപ്പെട്ടതായി കരുതുന്നത്.

പുരാണങ്ങളില്‍  ശാപങ്ങളുടെയും ശാപമോക്ഷങ്ങളുടെയും ഒക്കെ കഥകള്‍ ഗണേശ ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട് നമുക്ക് കാണാന്‍ കഴിയും.

”അത്തവും ചതുര്‍ത്ഥിയും നിലാവ് കാണരുതെന്നത്.” (ചന്ദ്രനെ കാണരുതെന്നത്) പറയുന്നതിന് പിന്നിലും അത്തരത്തില്‍ ഒരു ശാപത്തിന്റെയും ശാപമോക്ഷത്തിന്റെയും കഥയുണ്ട്. മോദക പ്രിയനായ ഗണപതിയുടെ ഏറെ രസകരമായ ഒരു ഐതിഹ്യമാണിത്.

ഒരിക്കല്‍ ചന്ദ്രലോകത്തില്‍ നടക്കുന്ന വിരുന്നിലേക്ക് മഹാ ഗണപതിയെയും ക്ഷണിക്കുകയുണ്ടായി. പല വിശിഷ്ട വിഭവങ്ങളും ഒരുക്കിയിരുന്നെങ്കിലും മോദക പ്രിയനായ ഗണേശന്‍ തന്റെ ഇഷ്ട വിഭവമായ മോദകം തന്നെയാണ് ഏറെ കഴിച്ചത്. ഒടുവില്‍, യാത്ര തിരിക്കുന്ന സമയം ചന്ദ്രദേവന്റെ നിര്‍ദ്ദേശപ്രകാരം കുറച്ചധികം മോദകം ഗണപതി കൂടെ കൊണ്ടു പോരുകയും ചെയ്തു. എന്നാല്‍ഭാരക്കൂടുതല്‍ കാരണം കുറെ മോദകം താഴേക്ക് വീഴുകയും, അത് കണ്ട് ചന്ദ്രഭഗവാന്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു. എന്നാല്‍ ചന്ദ്രഭഗവാന്റെ ചിരി അപമാനമായി തോന്നിയ ശ്രീ ഗണേശന്‍ ചന്ദ്രഭഗവാനെ ശപിച്ചു. ”ഏതൊരുവന്‍ നിന്നെ ദര്‍ശിക്കുന്നുവോ അവന് കള്ളനെന്ന പേര് വരും, അങ്ങിനെ നിന്നെ അവര്‍ വെറുക്കും’എന്നതായിരുന്നു ഗണേശ ശാപം. എന്നാല്‍ അതിഥി മര്യാദയില്‍ അബദ്ധം സംഭവിച്ചു പോയതില്‍ പശ്ചാത്താപം തോന്നിയ ചന്ദ്രഭഗവാന്‍ ഗണപതിയോട് ക്ഷമാപണം നടത്തുകയും ശാപമുക്തി നല്‍കുവാന്‍ അപേക്ഷിക്കുകയും ചെയ്തു.

എന്നാല്‍ നല്‍കിയ ശാപം തിരിച്ചെടുക്കുക അസാധ്യമായിരുന്നു. ഒരു നിമിഷത്തെ ആലോചനക്ക് ശേഷം ശ്രീ ഗണേശന്‍ പറഞ്ഞു. ”ഇന്ന് ഭാദ്രപാദമാസത്തിലെ ചതുര്‍ത്ഥിയാണ്. അതുകൊണ്ട് ഇന്ന് മുതല്‍ എല്ലാ കാലങ്ങളിലുമുള്ള ഭാദ്രപാദ മാസത്തിലെ ചതുര്‍ത്ഥിക്കും നിന്റെ ദര്‍ശനം എല്ലാവരും ഒഴിവാക്കട്ടെ. അങ്ങിനെയാണ് അത്തവും, ചതുര്‍ത്ഥിയും നിലാവ് കാണരുതെന്ന ചൊല്ല് നിലവില്‍ വന്നത്. ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ ദര്‍ശിച്ചാല്‍ ചീത്തപ്പേര് കേള്‍ക്കുമെന്നും മോഷണക്കുറ്റം ആരോപിക്കപ്പെടുമെന്നുമാണ് വിശ്വാസം

Leave a Reply

Your email address will not be published. Required fields are marked *