Your Image Description Your Image Description
കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്ഥാപങ്ങള്‍ മികച്ച മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. ഇതിന് പദ്ധതി ഭേദഗതിക്കുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ മുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള വലിയ പരിശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ രൂപീകരിക്കുന്നതില്‍ പിറകിലാണെന്നും ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ അവരുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. 2023-24 വാര്‍ഷിക പദ്ധതി ചെലവ് ശതമാനത്തില്‍ മികവ് കൈവരിച്ച തദ്ദേശസ്ഥാപനങ്ങളെ ആസൂത്രണ സമിതി ആദരിച്ചു. ഗ്രാമപഞ്ചയാത്ത് തലത്തില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ പെരുവയല്‍, നരിക്കുനി, മേപ്പയൂര്‍ ഗ്രാമപഞ്ചായത്തുകളെയും ബ്ലോക്ക് പഞ്ചയാത്ത് തലത്തില്‍ മികവ് പുലര്‍ത്തിയ കൊടുവള്ളി, മേലടി, തൂണേരി ബ്ലോക്ക് പഞ്ചായത്തുകളെയും നഗരസഭാ തലത്തില്‍ മികവുപുലര്‍ത്തിയ കൊടുവള്ളി, ഫറോക്ക്, പയ്യോളി നഗരസഭകളെയുമാണ് യോഗത്തില്‍ അനുമോദിച്ചത്.
2022-23 വര്‍ഷത്തില്‍ ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് സംസ്ഥാനതലത്തില്‍ ആര്‍ദ്ര കേരളം പുരസ്‌ക്കാരം വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ പ്രേരാമ്പ്ര, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകളെയും ജില്ലാ തല ആര്‍ദ്ര കേരളം പരുസ്‌കാരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ കക്കോടി, പെരുമണ്ണ, അരിക്കുളം ഗ്രാമപഞ്ചായത്തുകളെയും യോഗത്തില്‍ അനുമോദിച്ചു. 2022-23 വര്‍ഷത്തെ ജില്ലാ തല സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ചേമഞ്ചേരി, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളെയും ജില്ലാ ആസൂത്രണ സമിതി ആദരിച്ചു. ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷ ഷീജ ശശി, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ജേതാക്കളായ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
ഡിപിസി ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സമിതി മെമ്പര്‍മാരായ എന്‍.എം വിമല, നജ്മ ചെട്ടിയാംവീട്ടില്‍, അംബിക മഗലത്ത്, വി.പി ജമീല, എം.പി ശിവാന്ദന്‍, ഐ.പി രാജേഷ്, സി.എം ബാബു,  വി.പി ഇബ്രാഹിം കുട്ടി, കൃഷ്ണകുമാരി കെ, സി.പി മുസാഫര്‍ അഹമ്മദ്, സര്‍ക്കാര്‍ പ്രതിനിധി എ സുധാകരന്‍, ഗ്രാമപഞ്ചായത്ത് അസോസ്സിയേഷന്‍ സെക്രട്ടറി പി. ശാരുതി, ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് എന്‍.പി ബാബു, ജില്ലയിലെ വിവിധ തദ്ദേശ ഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍ സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *