Your Image Description Your Image Description

സനാതന ധര്‍മ്മത്തിലെ ത്രിമൂര്‍ത്തി സങ്കല്പത്തിൽ സൃഷ്ടി കര്‍മ്മം നിര്‍വഹിക്കുന്ന മൂര്‍ത്തിയാണ് ബ്രഹ്മാവ്‌. നാല് വേദങ്ങളെയും തന്‍റെ നാല് തലകളില്‍ സൂക്ഷിച്ച്, പരിപാലന കര്‍മ്മിയായ ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നു ഉദ്ധരിച്ച കമലത്തില്‍ വസിച്ച് , ഭഗവാന്‍റെ അനുഗ്രഹത്തോടെ ഭൂമിയിലുള്ള മുഴുവന്‍ ജീവ ജാലങ്ങളെയും ഒരു ദിവസം കൊണ്ടു സൃഷ്ടിക്കുന്നു. ബ്രഹ്മാവിന്റെ ഒരു ദിവസം എന്നത് നമ്മുടെ ഒരു യുഗം ആണ്. അതിനാല്‍ എല്ലാ ദിവസവും അവസാനം ബ്രഹ്മാവ്‌ പ്രളയം കാണുന്നു. ഭൂമിയിലുള്ള സര്‍വതും നശിക്കുന്നു. വീണ്ടും അടുത്ത ദിവസം പഴയതുപോലെ ബ്രഹ്മാവ്‌ സൃഷ്ടി തുടരുന്നു.

എന്നാല്‍ ഇതൊക്കെ ചെയ്യുമെങ്കിലും ബ്രഹ്മാവിന് സനാതന ധർമ്മത്തില്‍ പൂജാവിധികള്‍ ഒന്നും ഇല്ല. ബ്രഹ്മ ക്ഷേത്രങ്ങളും ഇല്ല. ഈ ആചാരത്തിനു പിന്നില്‍ പല ഐതിഹ്യങ്ങളും ഉണ്ടെങ്കിലും, പ്രധാനമായ വസ്തുത ബ്രഹ്മാവിനെ എന്തിന് പ്രാര്‍ത്ഥിക്കുന്നു എന്നതാണ്.

സനാതനധര്‍മ പ്രകാരം ജനനം എന്നത് മരണം പോലെ തന്നെ ഒരു ശുഭകരമായ കാര്യം അല്ല. അതിനാലാണ് പുലയുടെ ( സ്വന്തമായ ആരെങ്കിലും മരിച്ചാല്‍ പിന്നെ 16 കഴിയാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് . ഒരു വര്‍ഷത്തേയ്ക്ക് ശുഭകാര്യങ്ങള്‍ ഒന്നും പാടില്ല ) കൂടെ വാലയ്മയും ( ഒരു കുഞ്ഞു ജനിച്ചു 28 കഴിയാതെ സ്വന്തക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്). ഒരു ജീവിയുടെ പുണ്ണ്യ കര്‍മ്മങ്ങളും പാപ കര്‍മ്മങ്ങളും തുല്യം ആകുമ്പോഴാണ് അതിന് മനുഷ്യ ജന്‍മം ലഭിക്കുന്നത്‌. മാതാവിന്‍റെ ഗര്‍ഭത്തില്‍ കിടക്കുമ്പോള്‍ ജീവന്‍, ഇനി ഈ ജന്‍മത്തില്‍ പുണ്യ കര്‍മ്മം മാത്രം ചെയ്ത് മോക്ഷ പ്രാപ്തി നേടാം എന്ന് നിശ്ചയിക്കുന്നു.

എന്നാല്‍ ഗർഭ പാത്രത്തിനു വെളിയില്‍ വരുമ്പോള്‍ അത് മായയില്‍ ലയിച്ച് വീണ്ടും ഈ ശരീരം ഞാന്‍ ആണെന്നും ഇവിടെ തന്റെതായി കാണുന്നതെല്ലാം താന്‍ സമ്പാദിച്ചതാണെന്നും കരുതി അഹങ്കരിച്ചു ജീവിക്കുന്നു. ആ സമയത്ത് ഏതെങ്കിലും നവ ഭക്തി ഭാവങ്ങളിലൂടെ ( ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം ) പരമ പുരുഷനെ പ്രാപിച്ചു മോക്ഷം പ്രാപിക്കുക എന്നതാണ് ഓരോ മനുഷ്യന്‍റെയും ലക്‌ഷ്യം. അതിനിടയില്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനെ പ്രാര്‍ത്ഥിച്ചു ഇനി ഒരു ജന്മം കൂടി നേടുക എന്നത് മാനുഷ ധര്‍മ വ്യതിചലനം ആയതിനാല്‍ ആയിരിക്കണം ബ്രഹ്മാവിന് ക്ഷേത്രം ഇല്ലാതെ പോയത്.

Leave a Reply

Your email address will not be published. Required fields are marked *