Your Image Description Your Image Description

കോട്ടയം:  80കാരിയുടെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ പ്രതി പിടിയില്‍. പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് (23) പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിക്കാനുള്ള പണത്തിനായാണ് പ്രതി കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഓണ്‍ലൈന്‍ റമ്മിയ്ക്ക് അടിമയായ അമലിന് ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപയാണ് നഷ്ടമായത്. പലരില്‍ നിന്നും കടം വാങ്ങിയാണ് റമ്മി കളിച്ചത്. ആളുകള്‍ പണം തിരികെ ചോദിച്ചതോടെ മടക്കി നല്‍കുന്നതിനും തുടര്‍ന്നും റമ്മി കളിക്കുന്നതിനും പ്രതി മോഷണത്തിന് ഇറങ്ങുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട സ്വദേശിനിയായ സരസമ്മയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ അമല്‍ സരസമ്മയുടെ കഴുത്തില്‍ കത്തിവച്ച് കഴുത്തില്‍ ഉണ്ടായിരുന്ന മൂന്ന് പവന്റെ മാല കവരുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിലെ നമ്പര്‍ അടക്കം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പത്തനംതിട്ട ഇലവുംതിട്ടയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

ഓണ്‍ലൈന്‍ റമ്മിക്ക് അടിമയാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. റമ്മി കളിക്കുന്നതിനായി പലരില്‍ നിന്നും പണം വാങ്ങി. അങ്ങനെ മൂന്ന് ലക്ഷം രൂപ നഷ്ടമായി. കടം വാങ്ങിയ പണം ആളുകള്‍ തിരികെ ചോദിക്കാന്‍ തുടങ്ങിയതോടെ പണം തിരികെ നല്‍കുന്നതിനും തുടര്‍ന്നും കളിക്കുന്നതിനും വേണ്ടിയാണ് മോഷണത്തിന് ഇറങ്ങാന്‍ യുവാവ് തീരുമാനിച്ചത്. ഭരണങ്ങാനം സ്വദേശിയായ അമല്‍ പത്തനംതിട്ടയിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. അവിടെ നിന്നാണ് കവര്‍ച്ചയ്ക്കുള്ള ശ്രമം ആരംഭിച്ചത്.

സ്ത്രീകള്‍ മാത്രമുള്ള വീടുകളും കടകളും നോക്കിവച്ചായിരുന്നു മോഷണ ശ്രമം. ഇത്തരത്തില്‍ രണ്ടിടത്ത് മോഷണം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് 23നാണ് സരസമ്മയുടെ കഴുത്തില്‍ കത്തിവച്ച് പ്രതി മാല കവര്‍ന്നതെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *