Your Image Description Your Image Description
Your Image Alt Text

കൊല്ലം: സ്‌കൂട്ടറില്‍ പോയ യുവാവിനെ മാരകായുധങ്ങളുമായി എത്തി ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. കരുനാഗപ്പള്ളി പാവുമ്പ കാളിയമ്പലം കുട്ടത്തേത് വടക്കതില്‍ ബിനു എന്ന തബൂക്ക് (26), പാവുമ്പ ചെറുവേലി കിഴക്കതില്‍ ശ്രീക്കുട്ടന്‍(24), പാവുമ്പ മണപ്പള്ളി തെക്ക് പുത്തരേത്ത് തെക്കതില്‍ രാജേഷ് (24) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. പാവുമ്പ സ്വദേശിയായ അനില്‍ കുമാറിനെയാണ് ഇവര്‍ അക്രമിച്ചത്.

ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. കരുനാഗപ്പള്ളി മലയടക്കുറ്റി ക്ഷേത്രത്തിലെ ചിറപ്പ് ഉത്സവത്തോടനുബന്ധിച്ച് നടത്തിയ നാടന്‍ പാട്ടിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികള്‍ക്ക് മര്‍ദനമേറ്റിരുന്നു. മര്‍ദിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ആളാണെന്ന് തെറ്റിദ്ധരിച്ച് രാത്രി 10.30 മണിയോടെ ക്ഷേത്രത്തിലേക്ക് സ്‌കൂട്ടറില്‍ വന്ന അനില്‍ കുമാറിനെ വെട്ടത്തേത്ത് ജങ്ഷനില്‍ വച്ച് തടഞ്ഞ് നിറുത്തി പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കമ്പി വടിയും തടിക്കഷ്ണങ്ങളും കൊണ്ട് അനില്‍ കുമാറിനെ അടിച്ച് താഴെയിട്ട പ്രതികള്‍ ഇയാളെ മര്‍ദിച്ച് അവശനാക്കുകയും ചെയ്‌തെന്നാണ് പരാതി.

കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ ഷമീര്‍, എ.എസ്.ഐ ജോയ്, എസ്.സി.പി.ഒമാരായ രാജീവ്, ഹാഷിം, ബഷീര്‍ ഖാന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *