Your Image Description Your Image Description

താനെ; മഹാരാഷ്ട്രയിലെ ബദ്‌ലാപുരില്‍ നഴ്സറി സ്കൂളില്‍ പഠിക്കുന്ന 4 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ സ്കൂള്‍ ശുചിമുറിയില്‍ വച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം.

സ്കൂളിലെ ശുചീകരണ തൊഴിലാളിയായ അക്ഷയ് ഷിൻഡെ (24) ആണ് പെണ്‍കുട്ടികളുടെ ടോയ്‌ലറ്റിനുള്ളില്‍ വച്ച്‌ രണ്ട് കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചത്. എന്നാല്‍ കേസില്‍ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ വൈകിയതില്‍ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ബദ്‌ലാപുരില്‍ നാട്ടുകാർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. ബദ്‌ലാപുർ – കല്യാണ്‍ റെയില്‍വേ പാതയിലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ട്രെയിനുകള്‍ തടയുന്നത്.

പ്രതി ശനിയാഴ്ച അറസ്റ്റിലായെങ്കിലും, പരാതി നല്‍കി 12 മണിക്കൂറിലധികം കഴിഞ്ഞാണ് പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തതെന്ന ആരോപണവുമായി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് വിഷയത്തില്‍ ഇടപെട്ടതിന് ശേഷമാണ് പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ തയാറായതെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഓഗസ്റ്റ് ഒന്നിനാണ് അക്ഷയ് ഷിൻഡെയെ സ്കൂളില്‍ നിയമിച്ചത്. പെണ്‍കുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോകാൻ ഇയാളെ അനുവദിച്ചതില്‍ സ്കൂള്‍ അധികൃതർക്കെതിരെയും പരാതി ഉയർന്നിട്ടുണ്ട്. ശുചിമുറിയില്‍ വച്ച്‌ ജീവനക്കാരൻ നടത്തിയ ലൈംഗികാതിക്രമത്തെ കുറിച്ച്‌

പെണ്‍കുട്ടികളിലൊരാള്‍ മുത്തച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ശുചിമുറിയില്‍ പോയപ്പോള്‍ ഷിൻഡെ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിച്ചതായുതായും കുട്ടികള്‍ വെളിപ്പെടുത്തി. മകള്‍ക്ക് സ്‌കൂളില്‍ പോകാൻ ഭയമാണെന്ന് പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ കുടുംബം തുറന്നുപറയുകയും ചെയ്തതോടെയാണ് രണ്ട് കുട്ടികളും നേരിട്ട ദുരനുഭവത്തെ കുറിച്ച്‌ പുറംലോകം അറിയുന്നത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയില്‍ രണ്ട് പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ കുട്ടികളുടെ മാതാപിതാക്കളെ ഏറെ നേരം പൊലീസ് പുറത്ത് കാത്തുനിർത്തിയിരുന്നു

പിന്നീട് ഇവരെ വിളിപ്പിച്ചുവെങ്കിലും സിസിടിവിദൃശ്യങ്ങളുടെ അഭാവത്തില്‍ കേസെടുക്കാൻ സാധിക്കില്ലെന്ന് സ്റ്റേഷൻ ‍ഇൻ – ചാർജ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെ മാതാപിതാക്കള്‍ ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിക്കുകയും സമിതിയുടെ നിർദശ പ്രകാരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് റജിസ്ടർ ചെയ്യുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിരവധി വീഴ്ചകളാണ് കണ്ടെത്തിയത്. പെണ്‍കുട്ടികളെ ശുചിമുറിയില്‍ കൊണ്ടുപോകുന്നതിന് വനിതാ ജീവനക്കാരില്ലെന്നും സ്‌കൂളിലെ പല സിസിടിവി ക്യാമറകളും പ്രവർത്തനരഹിതമാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *