Your Image Description Your Image Description

കായംകുളം: ഉപയോ​ഗിച്ച സിറിഞ്ച് സൂചി ഏഴ് വയസുകാരന്റെ തുടയിൽ തുളച്ചുകയറി. സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. കായംകുളം താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ചെത്തിയ ഏഴുവയസുകാരനാണ് ദുരനുഭവമുണ്ടായത്.

ചിറക്കടവം സ്വദേശികളായ കുടുംബം ആരോ​ഗ്യവകുപ്പിനെ സമീപിച്ചെങ്കിലും ഇടപെട്ടില്ലെന്നാണ് പരാതി. ഉപയോ​ഗിച്ച സൂചി തുളച്ചുകയറിയ സാഹചര്യത്തിൽ അടുത്ത 14 വർഷത്തോളം കുട്ടിക്ക് എച്ച്ഐവി അടക്കമുള്ള പരിശോധനകൾ തുടർച്ചയായി ചെയ്യേണ്ടതുണ്ട്.

കഴിഞ്ഞ മാസം 19നായിരുന്നു സംഭവം. അത്യാഹിത വിഭാ​ഗത്തിലെ കട്ടിലിൽ കുട്ടിയെ കിടത്തിയപ്പോഴാണ് സിറിഞ്ച് തുടയിൽ തുളച്ചുകയറിയത്. മറ്റേതോ രോ​ഗിക്ക് കുത്തിവെപ്പ് നടത്തിയതിന് ശേഷം ഉപേക്ഷിച്ച സൂചിയായിരുന്നു ഏഴുവയസുകാരന്റെ തുടയ്‌ക്ക് മുകളിൽ തറച്ചത്. ആശുപത്രി സൂപ്രണ്ടിനും ജില്ലാ കളക്ടറിനും അടക്കം പരാതി നൽകിയിട്ടുണ്ടെങ്കിലും ആരും പ്രതികരിച്ചില്ലെന്നാണ് കുടുംബം പറയുന്നത്.

ഏതുരോ​ഗിയെ കുത്തിവച്ച സിറിഞ്ചാണ് കുഞ്ഞിന്റെ ശരീരത്തിൽ തുളഞ്ഞുകയറിയതെന്നും ആശുപത്രി അധികൃതർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ച് ഡെങ്കിപ്പനി, എച്ച്1എൻ1 ഉൾപ്പടെയുള്ള പരിശോധനകൾ നടത്തി. എന്നാൽ എച്ച്ഐവി പരിശോധന നടത്തണമെങ്കിൽ സ്വകാര്യ ലാബുകളെ ആശ്രയിക്കണം. ഈ സാഹചര്യത്തിലാണ് അടുത്ത 14 വർഷവും എച്ച്ഐവി പരിശോധന നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സംഭവത്തിൽ കായംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *