Your Image Description Your Image Description

കൊച്ചി: ബ്രസീലിയന്‍ യുവതിയെ ലഹരി കലര്‍ന്ന പാനീയം നല്‍കി മയക്കി ദുബായിയില്‍ വെച്ച് ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ മുംബൈ സ്വദേശി സൊഹൈല്‍ ഇക്ബാര്‍ ചൗധരിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സി.എസ്. ഡയസാണ് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാം പ്രതിയായ ഹര്‍ജിക്കാരനെ ഷൊര്‍ണൂര്‍ പോലീസ് ഗോവയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ മലയാളി യുവാവിനോടൊപ്പം ഷൊര്‍ണൂരില്‍ ലിവിങ് ടുഗതറിലാണ് യുവതി. ആദ്യം ചേരാനല്ലൂര്‍ പോലീസില്‍ നല്‍കിയ പരാതി യുവതിയുടെ സൗകര്യം കണക്കിലെടുത്ത് പിന്നീട് ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

ജൂലായ് രണ്ടിനാണ് ഹര്‍ജിക്കാരന്‍ അറസ്റ്റിലാകുന്നത്. കഴിഞ്ഞ മേയ് 12-ന് ദുബായിയില്‍ ഒന്നാം പ്രതിയുടെ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഒന്നാം പ്രതി യുവതിയെ ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് വിളിപ്പിക്കുകയും അവിടെ വെച്ച് ലഹരികലര്‍ന്ന പാനീയം നല്‍കി മയക്കി അപ്പാര്‍ട്ട്മെന്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ സമയം ഹര്‍ജിക്കാരന്‍ തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്നുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇയാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടോ എന്നതടക്കം വിചാരണ വേളയില്‍ പരിശോധിക്കേണ്ട വിഷയമാണെന്നത് കണക്കിലെടുത്താണ് 44 ദിവസമായി ജയിലിലാണെന്നതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. ഹര്‍ജിക്കാരനായി മുതിര്‍ന്ന അഭിഭാഷകന്‍ പി. വിജയഭാനു, അഡ്വ. നിനു എം. ദാസ് എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *