Your Image Description Your Image Description

 

അങ്കമാലി: നോർത്ത് പറവൂറുകാരൻ ശ്രീരാജ് ഹർഷനെന്ന ബൈക്ക് റൈസർക്ക് ഇത് രണ്ടാം ജന്മം. ഏപ്രിൽ 18ന് ചാലക്കുടിയിൽ വച്ച് നടന്ന റോഡ് അപകടത്തിൽ വലിയ തോതിൽ രക്തം നഷ്ടപ്പെടുകയും കരൾ തകരുകയും ചെയ്ത 26 കാരന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ നടന്ന 5 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയക്കൊടുവിലാണ് പുനർജ്ജന്മം ലഭിച്ചത്.

അമിത രക്തസ്രാവം കാരണം രക്തസമ്മർദ്ദം കുറയുകയും അബോധാവസ്ഥയിലാകുകയും ചെയ്ത ശ്രീരാജിനെ, ഡോ. കാർത്തിക് കുൽശ്രേഷ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് അടിയന്തര ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സങ്കീർണതകൾ ഏറെയുണ്ടായിരുന്നെങ്കിലും വയറിനുള്ളിൽ കെട്ടികിടന്ന രക്തം നീക്കം ചെയ്യാനും, രക്തസ്രാവം നിയന്ത്രിക്കാനും, തകർന്ന കരൾ പഴയ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരാനും സാധിച്ചു. ഏപ്രിൽ 29ന് ശ്രീരാജിന് പൂർണ ആരോഗ്യത്തോടെ തിരികെ പോകാനായി. ”ശ്രീരാജിന്റെ ഈ തിരിച്ചു വരവ് തീർച്ചയായും ഒരു അത്ഭുതമാണ്, രക്തം അധികമായി പോയതിനാൽ ഇത്തരം അപകടത്തെ അതിജീവിക്കുക എന്നത് പ്രയാസമാണ്. അവിശ്വസനീയമായ പ്രതിരോധശേഷിയും ശരിയായ മെഡിക്കൽ ഇടപെടലുമാണ് ഈ അസാധാരണമായ വീണ്ടെടുക്കലിന് കാരണമായത്. വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ശസ്ത്രക്രിയയെന്നും പൂർണ ആരോഗ്യവാനായി റെയ്‌സിങ്ങിൽ തന്റെ കരിയർ പൂർണമായി പുനഃരാരംഭിക്കാനും ഭാവിയിൽ സങ്കീർണതകളൊന്നുമില്ലാതെ മികച്ച ജീവിതം നയിക്കാനും ശ്രീരാജിന് കഴിയുമ്പോഴാണ് നമ്മുടെ കാഴ്ചപ്പാടിൽ യഥാർത്ഥ വിജയം നേടി എന്ന് പറയാനാകുകയെന്നും ഡോ. കാർത്തിക് കുൽശ്രേഷ്ത പറഞ്ഞു.

മെക്കാനിക് കൂടിയായ ശ്രീരാജ് ഹർഷൻ 2021 ലെ സ്റ്റണ്ടഡ് ബൈക്ക് വി വിഭാഗത്തിലെ ഇന്റർമീഡിയറ്റ് കാറ്റഗറി ദേശീയ ചാമ്പ്യനും ഹീറോ അൾട്ടിമേറ്റ് ഡെസേർട്ട് ചലഞ്ച് 2023 വിജയിയുമാണ്. 2022ഇൽ ജയ്പൂരിൽ നടന്ന ഹീറോ ഡേർട്ട് ബൈക്കിംഗ് ചലഞ്ചിൽ ഇന്ത്യയിൽ നിന്നുള്ള 20 യോഗ്യതാ താരങ്ങളിലൊരാൾ ശ്രീരാജ് ആയിരുന്നു. ഇതിനെല്ലാമുപരി സ്റ്റോപ്പി ഷോപ്പിന്റെ സഹസ്ഥാപകനും സൂപ്പർബൈക്ക് മെക്കാനിക്കും, ബൈക്ക് സ്റ്റണ്ട് പരിശീലകനും ഓഫ് റോഡിംഗ് കോച്ചുമാണ് അദ്ദേഹം.

”അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘത്തിന്റെ അചഞ്ചലമായ അർപ്പണബോധത്തിന്റെയും വൈദഗ്ധ്യത്തിന്റെയും ഫലമായാണ് ശ്രീരാജിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചതിനു പിന്നിലെന്ന്,’ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സിഇഒ സുദർശൻ ബി പറഞ്ഞു.

Image: ശ്രീരാജ് ഹർഷനോടൊപ്പം ഡോ. കാർത്തിക് കുൽശ്രേഷ്ത

Leave a Reply

Your email address will not be published. Required fields are marked *