Your Image Description Your Image Description

 

ന്യൂയോർക്ക്: വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ സുനിതാ വില്യംസിൻറെയും സഹയാത്രികൻ ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ആറുമാസം കൂടി നീളുമെന്ന് നാസ. 2025 ഫെബ്രുവരിയോടെയായിരിക്കും ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കാനാകുക എന്നാണ് നാസ നൽകുന്ന ഏറ്റവും പുതിയ വിവരം. ഇക്കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും,ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ ആറിന് ഐ.എസ്.എസിലെത്തി ജൂൺ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഇവർ ഏകദേശം രണ്ടുമാസമായി ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.

ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായിരുന്നു സുനിതയും വിൽമോറും.

വിക്ഷേപണത്തിന് മുമ്പ്, സ്റ്റാർലൈനറിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ ഹീലിയം ചോർച്ച കണ്ടെത്തുകയായിരുന്നു. ഇതുകാരണം യാത്ര പലതവണ മാറ്റിവെച്ചു. ഒടുവിൽ ജൂൺ അഞ്ചിന് വിക്ഷേപണം വിജയകരമാകുകയും 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി. എട്ടുദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.

ജൂൺ 13 നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടർന്നത് ജൂൺ 26 ലേക്ക് നീട്ടിവെച്ചു. ബോയിംഗ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോയി.

ദൗത്യം അനിശ്ചിതമായി നീളുന്നത് ബഹിരാകാശ സഞ്ചാരികളിൽ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മൈക്രോഗ്രാവിറ്റി റേഡിയേഷൻ കൂടുതൽ നേരം ഏൽക്കേണ്ടി വരുന്നതിനാൽ ബഹിരാകാശയാത്രികരുടെ അസ്ഥികൾക്കും പേശികൾക്കും ക്ഷയം സംഭവിക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ ഗുരുത്വാകർഷണം മൂലം മസ്തിഷ്‌കത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ദീർഘനാൾ ബഹിരാകാശത്ത് തങ്ങുന്നത് യാത്രികരുടെ തലച്ചോറിന്റെ ഘടനയിൽ മാറ്റം വരുത്തുമെന്നും പഠനങ്ങൾ പറയുന്നു.

കൂടുതൽ സമയം ബഹിരാകാശത്ത് താമസിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും. കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ,കോസ്മിക് റേഡിഷൻ മൂലം അർബുദ സാധ്യതകളടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ടാണ് ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങൾ പലപ്പോഴും ആഴ്ചകൾ മാത്രമായി ചുരുക്കുന്നത്. ഇക്കാരണങ്ങളാൽ, ഐഎസ്എസിലെ ബഹിരാകാശയാത്രികർ എല്ലാ ദിവസവും ഏകദേശം രണ്ട് മണിക്കൂർ ജിമ്മിൽ ചെലവഴിക്കുകയും നിരവധി ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്…

മടക്കയാത്ര എങ്ങനെ?

2025 ഫെബ്രുവരിയിൽ ഇലോൺ മസ്കിൻറെ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിൽ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് നാസ നൽകുന്ന ഏറ്റവും പുതിയ വിവരം. നാല് ബഹിരാകാശ സഞ്ചാരികളെയും കൊണ്ടാണ് ഐ.എസ്.എസിലേക്ക് സ്‌പേസ് എക്‌സ് ക്രൂ-9 യാത്ര തിരിക്കുന്നത്. ആഗസ്റ്റ് 18 ന് ക്രൂ-9 വിക്ഷേപിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ബോയിങ്ങിന്റെ സ്റ്റാർലെനർ പേടകത്തിലെ സാങ്കേതിക പിഴവ് പരിഹരിക്കാനുള്ള ശ്രമമാണ് നാസ നടത്തിവരുന്നത്.

ഇത് കണക്കിലെടുത്ത് ക്രൂ-9ന്റെ വിക്ഷേപം നാസ സെപ്തംബർ 25 ലേക്ക് നീട്ടിയിട്ടുണ്ട്. സെപ്തംബർ 24 നകം സ്റ്റാർലൈനിന്റെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിലായിരിക്കും സുനിതയെയും വിൽമോറിനെയും തിരികെ കൊണ്ടുവരിക.

ഇതിലെ നാല് യാത്രികരെയും 2025 ഫെബ്രുവരിയിൽ തിരികെ ഭൂമിയിലെത്തിക്കുന്ന രീതിയിലാണ് ക്രൂ 9-ന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ സുനിത വില്യംസിനെയും വിൽമോറിനെയും ഈ പേടകത്തിൽ തിരികെ കൊണ്ടു വരേണ്ടിവന്നാൽ അതിലെ രണ്ടു യാത്രക്കാർ ബഹിരാകാശ നിലയത്തിൽ തുടരേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *