Your Image Description Your Image Description

 

ഡൽഹി: ഇന്ത്യാവിരുദ്ധരായ ആളുകൾ ബം​ഗ്ലാദേശ് വിമോചനത്തിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമനശിപ്പിച്ചു. നശിപ്പിക്കപ്പെട്ട പ്രതിമകൾ കാണുന്നതിൽ വിഷമമുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. രാജ്യത്ത് ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ഇടക്കാലസർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

1971-ലെ യുദ്ധത്തിന് പിന്നാലെ പാകിസ്താൻ കീഴടങ്ങിയ നിമിഷം ചിത്രീകരിക്കുന്ന പ്രതിമകളുടെ തകർന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരൂർ തന്റെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്. ‘ബംഗ്ലാദേശ് വിമോചനത്തിൻറെ സ്മരണകൾ തകർക്കപ്പെട്ടനിലയിൽ കാണുന്നതിൽ വിഷമമുണ്ട്. ഇന്ത്യൻ സാംസ്കാരിക കേന്ദ്രങ്ങൾക്കും ക്ഷേത്രങ്ങൾക്കും ഹിന്ദു വിഭാ​ഗത്തിൽപ്പെട്ടവരുടെ വീടുകൾക്കും എതിരായ ആക്രമണങ്ങളുടെ തുടർച്ചയാണിതും.

മുസ്ലിം വിഭാ​ഗത്തിൽപ്പെട്ട സാധാരണക്കാർ ന്യൂനപക്ഷ ഭവനങ്ങളേയും ആരാധനാലയങ്ങളേയും സംരക്ഷിക്കുന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഇത്തരം ആക്രമണങ്ങളുമുണ്ടാകുന്നത്. ഈ പ്രക്ഷുഭ്ധമായ കാലത്ത് ബം​ഗ്ലാദേശിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ. എന്നാൽ, ഇത്തരം അരാജകത്വം അം​ഗീകരിക്കാനാവില്ല’, തരൂർ എക്സിൽ കുറിച്ചു.

ബം​ഗ്ലാദേശിന്റെ വിമോചനത്തിനുമപ്പുറം പാകിസ്താനേറ്റ കനത്ത തിരിച്ചടി കൂടിയായിരുന്നു 1971-ലെ യുദ്ധം. പാകിസ്താൻ സേനയുടെ മേജർ ജനറലായ അമീർ അബ്ദുള്ള ഖാൻ നിയാസി 93,000 സൈനികരുമായി ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിന്റെ ചിത്രീകരണമായ പ്രതിമകളാണ് ഇപ്പോൾ തകർക്കപ്പെട്ടിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *