Your Image Description Your Image Description

 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ പെൻഷൻ നൽകാൻ സഹകരണബാങ്ക് വായ്പയെ ആശ്രയിച്ചപ്പോൾ പലിശയിനത്തിൽ 300 കോടിരൂപയുടെ അധികച്ചെലവ്. മൂന്നുമാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കാനാണ് ധാരണ. ആദ്യം 10 ശതമാനമാണ് പലിശയീടാക്കിയിരുന്നത്. പിന്നീട് അതിൽ കുറവുവരുത്തി.

2018 ഫെബ്രുവരിമുതൽ സഹകരണബാങ്കുകൾവഴി പെൻഷൻ നൽകുന്നുണ്ട്. സഹകരണ കൺസോർഷ്യം വായ്പയായി പെൻഷൻ തുക അനുവദിക്കുകയും സർക്കാർ പിന്നീട് പലിശസഹിതം തിരിച്ചടയ്ക്കുകയുംചെയ്യും.

മാസം 80 കോടിരൂപയാണ് പെൻഷനുവേണ്ടത്. മൂന്നുമാസംകഴിഞ്ഞ് ഈ തുക തിരിച്ചടയ്ക്കുമ്പോൾ നാലുകോടിരൂപയെങ്കിലും പലിശയായി നൽകേണ്ടിവരും. പലിശത്തുകയും കെ.എസ്.ആർ.ടി.സി.ക്കുള്ള സർക്കാർ വിഹിതത്തിലാണ് ഉൾക്കൊള്ളിക്കുന്നത്. യഥാസമയം പെൻഷനുള്ള തുക സർക്കാർ കൈമാറിയാൽ പലിശയിനത്തിലെ ചെലവൊഴിവാക്കാനാകും. പൊതുമേഖലാസ്ഥാപനത്തിന്റെ പെൻഷൻബാധ്യത ഏറ്റെടുക്കാൻ സർക്കാരിന് വ്യവസ്ഥയില്ലാത്തതിനാലാണ് വായ്പയായി നൽകുന്നത്.

ശമ്പളത്തിനും ഇതേരീതി അവലംബിക്കുകയാണ്. കേരളാ ബാങ്കിൽനിന്ന്‌ 100 കോടിരൂപ 10 ശതമാനത്തിന് പലിശയ്ക്കെടുക്കാനാണ് തീരുമാനം.

സർക്കാർസഹായം കിട്ടുമ്പോൾ തുക തിരിച്ചടയ്ക്കും. ഈ കാലയളവിൽ പലിശ നൽകേണ്ടിവരും. ശമ്പളവിതരണത്തിന് എസ്.ബി.ഐ.യിൽനിന്ന്‌ 50 കോടിരൂപ ഓവർഡ്രാഫ്റ്റ് എടുത്തപ്പോഴും മാസം 48 ലക്ഷംരൂപ പലിശ നൽകേണ്ടിവന്നിരുന്നു. സർക്കാർ സഹായം നൽകുന്നുണ്ടെങ്കിലും ഫലപ്രദമാകാത്ത അവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *