Your Image Description Your Image Description

പാരിസ്: ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിന് ​അയോഗ്യത. ഇന്ന് സ്വർണമെഡൽ പോരാട്ടത്തിൽ ഗോദയി​ലിറങ്ങാനിരിക്കെയാണ് ഒളിമ്പിക്സ് അസോസിയേഷന്റെ തീരുമാനം. താരം മത്സരിച്ചിരുന്ന 50 കിലോ വിഭാഗത്തിൽ നിന്നും 100 ഗ്രാം അധികമുണ്ടെന്ന് കാണിച്ചാണ് താരത്തിന് അയോഗ്യത നൽകിയത്.

അധിക ഭാരം ഇല്ലാതാക്കാനായി രാ​ത്രിയുലടനീളം താരം സൈക്കിളിങ്ങടക്കമുള്ളവ ചെയ്തെങ്കിലും ഭാര പരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് ഒളിമ്പിക് അസോസിയേഷന്റെ പ്രഖ്യാപനം.

ചൊവ്വാഴ്ച ഗോദയിൽ നേടിയ തുടർച്ചയായ മൂന്ന് ജയങ്ങളോടെയാണ് താരം ഫൈനലിലെത്തിയത്. ഒരു അന്താരാഷ്ട്ര മത്സരത്തിൽ പോലും തോൽക്കാത്ത, നാലുതവണ ​ലോകം ജയിച്ച, ഒളിമ്പിക്സിലെ സ്വർണത്തിളക്കവുമുള്ള ജപ്പാന്റെ യൂയി സുസാക്കിയായിരുന്നു പ്രീക്വാർട്ടറിൽ ഫോഗട്ടിന് മുന്നിലെത്തിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഫോഗട്ട് നടത്തിയത് ഗോദ കണ്ട ഏറ്റവും വലിയ തിരിച്ചുവരവാണ്. അഞ്ച് സെക്കൻഡ് മാത്രം ബാക്കി നിൽക്കെ സുസാക്കിയെ മലർത്തിയടിച്ച ഫോഗട്ടിൽ ലോകം ഒരു പോരാളിയെക്കണ്ടു. തോൽവിയറിയാത്ത 82 മത്സരങ്ങൾക്ക് ശേഷം സുസാക്ക് തോറ്റെന്ന വാർത്ത ഗുസ്‍തി ലോകത്ത് വലിയ ഞെട്ടലാണുണ്ടാക്കിയത്.

സുസാക്കിയെ മറിച്ചിട്ടതോടെ ഫോഗട്ട് ശക്തയായി മാറിയിരുന്നു. ക്വാർട്ടറിൽ യുക്രൈന്റെ ഒക്സാന ലിവാച്ചിനെയും സെമിയിൽ ക്യൂബയുടെ യുസൈലിസ് ഗുസ്മാനെയും തോൽപ്പിച്ച് ചരിത്ര ഫൈനലിലേക്ക്. ഇതിനുപിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് പുതിയ വാർത്ത പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *