Your Image Description Your Image Description

കൊച്ചി: ഇന്ത്യൻ പാസ്പോർട്ട് തരപ്പെടുത്തി ബംഗ്ലാദേശികൾ വിദേശത്തേക്കു കടക്കുന്നത് തുടരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ കൊച്ചി വിമാനത്താവളത്തിൽമാത്രം 15-ഓളം ബംഗ്ലാദേശികളാണ് പിടിയിലായത്. കഴിഞ്ഞവർഷം 12 ബംഗ്ലാദേശികൾ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ വഴി ഇസ്രയേലിലേക്കു കടന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

ബംഗ്ലാദേശിൽനിന്ന് അനധികൃതമായി ഇന്ത്യയിലെത്തുന്ന ചിലർ ഇന്ത്യയിലെ പൗരരെന്ന വ്യാജേന ബംഗ്ലാദേശിൽ നിന്നുതന്നെ വ്യാജ പാസ്പോർട്ട്, ആധാർകാർഡ്, പാൻകാർഡ്, ബാങ്ക് അക്കൗണ്ട്, എ.ടി.എം.കാർഡ് എന്നിവയുണ്ടാക്കും. അല്ലാത്തവർ ഇന്ത്യയിലെത്തി വീട് വാടകയ്ക്കെടുത്ത് വാടകച്ചീട്ട് ഉപയോഗിച്ച് ആധാർ കാർഡ് സ്വന്തമാക്കും. പിന്നീട് ബാങ്ക് അക്കൗണ്ടും പാസ്ബുക്കും മറ്റ് രേഖകളുമെല്ലാം തരപ്പെടുത്തും.

ഇന്ത്യൻ പാസ്പോർട്ട് തന്നെ സ്വന്തമാക്കുന്നവരെ തിരിച്ചറിയാൻ കഴിയില്ല. വ്യാജ പാസ്പോർട്ടുമായി വരുമ്പോൾ എമിഗ്രേഷൻ വിഭാഗത്തിന് സംശയം തോന്നി വിശദമായി ചോദ്യം ചെയ്യുമ്പോഴാണ് പിടിക്കപ്പെടുക. അല്ലെങ്കിൽ വിദേശത്തെത്തി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുമ്പോഴാകും ഇവർ ബംഗ്ലാദേശികളാണെന്ന് പലപ്പോഴും അറിയുന്നത്.

ചില ഗൾഫ് നാടുകളിലെ കമ്പനികൾ ബംഗ്ലാദേശികൾക്ക് ജോലിനൽകാൻ വിസമ്മതിക്കാറുണ്ട്. ജോലി ലഭിച്ചാലും സമാന തൊഴിലിൽ ഇന്ത്യക്കാർക്ക് ലഭിക്കുന്നതിന്റെ പകുതി ശമ്പളം പോലും ബംഗ്ലാദേശികൾക്ക് ലഭിക്കില്ല. ഇതാണ് ബംഗ്ലാദേശികളെ ഇന്ത്യൻ പാസ്പോർട്ട് തരപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്.

വിദേശനാടുകളിൽ നിർമാണ മേഖലയിൽ ജോലി ലക്ഷ്യംവെച്ചുവരുന്ന ഇവർ കേരളത്തിലുൾപ്പെടെ ജോലി ചെയ്ത് പരിചയസമ്പന്നരായ ശേഷമാണ് നാടുവിടുന്നത്. ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കെയർ വർക്കർ വിസ തരപ്പെടുത്തിപോകുന്നവരുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *