Your Image Description Your Image Description

 

വയനാട്: ഉരുൾപൊട്ടൽ ദുരിതത്തിലെ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമാവധി ജീവനുകൾ രക്ഷിക്കുക എന്നതിനായിരുന്നു പ്രാധാന്യം. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്ന് ഡ്രോൺ ബെയ്സ്ഡ് റഡാർ എത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ചാലിയാറിൽ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 14042 പേർ താമസിക്കുന്നുണ്ട്. 148 മൃത ശരീരങ്ങൾ കൈമാറി. 206 പേരെ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ദുരന്തമേഖലയിലും ചാലിയാറിലും തെരച്ചിൽ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പാലം നിർമ്മാണം പൂർത്തിയായതിന് ശേഷം കൂടുതൽ യന്ത്രങ്ങൾ ഉപയോഗിക്കാനായി. ആദ്യ ഘട്ടത്തിൽ രക്ഷാ പ്രവർത്തനം നടത്തിയത് ഫയർ ഫോഴ്സിന്റെ സിപ് ലൈൻ പാലത്തിലൂടെയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 66 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ഇതു സംസ്കരിക്കുന്നതിൻ്റെ ഉത്തരവാദിത്തം പഞ്ചായത്തുകൾക്കാണെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. മറഞ്ഞുപോയത് വലിയ ജനവാസമേഖലയാണ്. പുനരധിവാസം മികച്ച രീതിയിൽ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടുതൽ സുരക്ഷിതമായ സ്ഥലം കണ്ടെത്തി ടൗൺഷിപ്പ് നിർമ്മിക്കും. ഇത് അതിവേഗം പൂർത്തിയാക്കും. ദുരന്തത്തിൽ തകർന്ന വെള്ളാർ മല സ്കൂളിന് ബദൽ സംവിധാനം ഒരുക്കുമെന്ന മുഖ്യമന്ത്രി അറിയിച്ചു. വെള്ളാർ മല സ്കൂളിലെ പഠനത്തിനായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. അതിനായി വിദ്യാഭ്യാസമന്ത്രി വയനാട്ടിൽ എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് നല്ല രീതിയിൽ സംഭാവന വരുന്നുണ്ടെന്നും സി.എം.ഡി.ആർ.എഫ് ചെവഴിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

CMDRF ചുമതലയ്ക്കായി ധനവകുപ്പിൽ ഉദ്ദ്യേഗസ്ഥരുടെ പ്രത്യേക സംവിധാനം ഒരുക്കും. ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യു പി ഐ ക്യു ആർ കോഡ് പിൻവലിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഹെൽപ്പ് ഫോർ വയനാട് സെൽ രൂപീകരിക്കും. സ്ഥലവും വീടും നിർമ്മിച്ചു നൽകാമെന്ന വാഗ്ദാനം ഈ സെൽ ആകും പരിശോധിക്കുക.

പ്രകൃതി ദുരന്തങ്ങളുടെ ആവർത്തനം ഉണ്ടാകുന്നു.കാലാവസ്ഥ വ്യതിയാനമാണ് പ്രക്യതി ദുരന്തങ്ങളുടെ കാരണം. അതിതീവ്രമഴ മുൻകൂട്ടി പ്രവചിക്കാനാകുന്നില്ല. മുന്നറിയിപ്പിൽ കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വരുത്താൻ എല്ലാവരും തയാറാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. കേന്ദ്രമാണ് പലപ്പോഴും ഇത്തരം മുന്നറിയിപ്പ് നൽകുന്നത്.കാലാനുസൃതമായി അതിൽ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തീവ്രമഴയുടെ പ്രവചനത്തിനായി മോഡൽ പരാമീറ്റേഴ്സ് വികസിപ്പിക്കാൻ കാലാവസ്ഥ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ദുരന്തങ്ങൾ മുൻകൂട്ടി അറിയുന്നതിന് സംസ്ഥാനത്തെ പ്രാപ്തമാക്കും. കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് പലയിടങ്ങളിൽ ഉരുൾ പൊട്ടലുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് അതിജീവനത്തിന് എല്ലാവരും സഹകരിക്കുന്നു. ഒന്നിച്ച് മുന്നേറുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചലച്ചിത്ര മേഖലയിൽ നിന്നും പ്രവാസ ലോകത്ത് നിന്നും ഉണ്ടാകുന്ന സഹായ സന്നദ്ധത പ്രത്യേകം എടുത്തു പറയേണ്ടതാണ്. വയനാട് പുനർ നിർമ്മാണത്തിൻ്റെ നായക സ്ഥാനത്ത് മാധ്യമങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *