Your Image Description Your Image Description

 

ചെന്നൈ: വയനാട് ദുരന്തത്തിൽ ജീവിതം തകർന്ന മനുഷ്യർക്ക് കൈത്താങ്ങുമായി നടി നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം രൂപ നൽകി. മക്കളായ ഉയിരിനും ഉലകിനും ഒപ്പമാണ് ഇരുവരും ദുരന്തബാധിതർക്കുള്ള സഹായധനം പ്രഖ്യാപിച്ചത്.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധികർക്കൊപ്പം ഞങ്ങളുടെ മനസുമുണ്ടെന്ന് നയൻതാരയും വിഘ്‌നേഷും വാർത്താകുറിപ്പിൽ പ്രതികരിച്ചു. അവിടത്തെ മനുഷ്യർ അനുഭവിച്ച ദുരിതങ്ങളും നഷ്ടങ്ങളും ഉള്ളുലയ്ക്കുന്നതാണ്. വലിയ സഹായം ആവശ്യമുള്ള സമയത്ത് പരസ്പരം പിന്തുണയുമായി എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട പ്രാധാന്യം മനസിലാക്കുന്നുവെന്നും ഇവർ പറഞ്ഞു.

ഒരു ഐക്യദാർഢ്യമെന്ന നിലയ്ക്ക്, ദുരന്തബാധിതർക്കുള്ള അടിയന്തര സഹായം എത്തിക്കാനും പുനർനിർമാണ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഞങ്ങൾ 20 ലക്ഷം രൂപ നൽകുകയാണ്. നമ്മുടെ സർക്കാരും സന്നദ്ധ പ്രവർത്തകരും രക്ഷാസംഘങ്ങളും മറ്റു പല സംഘടനകളും ഒന്നിച്ചുനിന്ന്, സഹായവും പിന്തുണകളുമായി അക്ഷീണം പ്രവർത്തിക്കുന്നത് കാണാൻ കഴിയുന്നത് ഹൃദയംനിറയ്ക്കുന്നു. സമാശ്വാസവും സഹാനുഭൂതിയുമായി നമുക്കെല്ലാവർക്കും കരുത്തോടെ ഒന്നിച്ചുനിൽക്കാമെന്നും വാർത്താ കുറിപ്പിൽ പറഞ്ഞു.

നയൻതാരയ്ക്കും വിഘ്‌നേഷിനും പുറമെ തമിഴ് സിനിമാ ലോകത്തുനിന്നു വേറെയും നിരവധി താരങ്ങൾ വയനാടിനു സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 25 ലക്ഷം പ്രഖ്യാപിച്ച് കമൽഹാസനാണ് ആദ്യമായി സഹായഹസ്തം നീട്ടിയ താരങ്ങളിലൊരാൾ. വിക്രം 20 ലക്ഷം രൂപയും സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം രൂപയും തെലുഗ് നടി രശ്മിക മന്ദാന പത്തു ലക്ഷം രൂപയും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *