Your Image Description Your Image Description
Your Image Alt Text

റായ്പൂര്‍: സ്വകാര്യ ആശുപത്രിയില്‍ ഗുര്‍വീൻ ഛബ്ര എന്ന 29 കാരൻ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഡോക്ടര്‍മാര്‍ അറസ്റ്റില്‍.

ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ നഗരത്തിലാണ് സംഭവം. ചികിത്സയിലെ അശ്രദ്ധ ആരോപിച്ച്‌ നാല് മുതിര്‍ന്ന ഡോക്ടര്‍മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദേവേന്ദ്ര സിങ്, രാജീവ് ലോചൻ ഭഞ്ജ, മനോജ് റായ്, സുനില്‍ കേഡിയ എന്നിവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

അപ്പോളോ ആശുപത്രിയില്‍ 2016 ഡിസംബര്‍ 26-ന് ആണ് ഗുര്‍വീൻ ഛബ്ര മരിക്കുന്നത്. വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

എന്നാല്‍ ആശുപത്രി മാനേജ്മെന്റിന്റെയും ഡോക്ടര്‍മാരുടെയും അനാസ്ഥയും തെറ്റായ ചികിത്സയുമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച്‌ രോഗിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവരുടെ ലൈസൻസ് റദ്ദാക്കണമെന്നും ഛബ്രയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഛത്തീസ്ഗഢ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിന്റെ ഡിവിഷണല്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ ചികിത്സയില്‍ അശ്രദ്ധ സംഭവിച്ചതായി ചൂണ്ടിക്കാട്ടിയതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് അശ്രദ്ധമൂലമുള്ള മരണം, തെളിവുകള്‍ നശിപ്പിക്കല്‍ എന്നിവ പ്രകാരം ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *