Your Image Description Your Image Description

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലിൽ കനത്ത നാശം വിതച്ച അടിച്ചിപ്പാറയിലാണ് വീണ്ടും ഉരുൾപൊട്ടിയത്. വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. കോഴിക്കോട് കളക്ടർ ഉൾപ്പടെ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് അപകടം. കളക്ടറും സംഘവും അരമണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. ഇവരെ റെസ്ക്യൂ ടീം
എത്തി രക്ഷപ്പെടുത്തി.

കോഴിക്കോട് ജില്ലയിൽ ഇതിനോടകം 121 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 1,514 കുടുംബങ്ങളിൽ നിന്നുള്ള 4,730 പേർ ജില്ലയിലെ വിവിധ ക്യാമ്പുകളിലുണ്ട്. കോഴിക്കോട് താലൂക്ക് – 72 (701 കുടുംബങ്ങൾ, 2,176 പേർ), വടകര താലൂക്ക് – 18 (330 കുടുംബങ്ങൾ, 1,135 പേർ)
താമരശ്ശേരി താലൂക്ക്- 18 (263 കുടുംബങ്ങൾ, 772 പേർ), കൊയിലാണ്ടി താലൂക്ക് – 13 (220 കുടുംബങ്ങൾ, 647 പേർ) എന്നിങ്ങനെയാണ് ക്യാമ്പുകളിലുള്ളവരുടെ കണക്ക്.

ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് അടക്കമുള്ള ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട്, തൃശൂർ, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യയും ഉയരുകയാണ്. ഇതിനോടകം 222 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാദൗത്യം പുരോ​ഗമിക്കുന്ന ചൂരൽമല മേഖലയിൽ അടക്കം മഴ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *