Your Image Description Your Image Description
കൊച്ചി:  പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയുടെ 25-ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച്, വടക്കൻ പറവൂരിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അർഹരായ 25 വിദ്യാർത്ഥികൾക്ക് ജി എ മേനോൻ സ്‌കോളർഷിപ്പുകൾ നൽകി. കമ്പനിയുടെ സ്ഥാപക ചെയർമാനായ ജി എ മേനോൻ വടക്കൻ പറവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. യോഗ്യത, അക്കാദമിക മികവ് എന്നീ മാനദണ്ഡങ്ങൾ പ്രകാരമാണ് അർഹരായ 25 വിദ്യാർത്ഥികളെ സ്‌കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ  വിതരണം ചെയ്തു.
സ്‌കോളർഷിപ്പ് ദാന ചടങ്ങിൽ യുഎസ് ടി യുടെ ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെൻ്റ് സെൻ്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ; സിഎസ്ആർ അംബാസഡർ സോഫി ജാനറ്റ്; കളേഴ്സ് കാറ്റലിസ്റ്റ് നിപുൺ വർമ്മ; സിഎസ്ആർ എക്സിക്യൂട്ടീവുമാരായ വിനീത് മോഹനൻ, രാമുകൃഷ്ണ; സിഎസ്ആർ കോർ ടീം അംഗങ്ങളായ ഷൈൻ അബ്ദുൾ റഷീദ്, ലക്ഷ്മി മേനോൻ; വടക്കൻ പറവൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ബീന ശശിധരൻ, സ്‌കൂൾ പി.ടി.എ പ്രസിഡൻറ് മുഹമ്മദ് അഷ്റഫ് പി.എസ്; എസ്എംസി ചെയർമാൻ വിനു എം ജെ; സ്‌കൂൾ പ്രിൻസിപ്പാൾ വീണ എസ് വി; ഹെഡ്മിസ്ട്രസ് സിനി എ എസ്; സ്‌കൂളിലെ മറ്റ് അധികാരികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചടങ്ങിൻ്റെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് സൈബർ സുരക്ഷയെക്കുറിച്ചുള്ള ക്ലാസും യുഎസ് ടി സംഘടിപ്പിച്ചു.
“ജീവിത പരിവർത്തനം സാധ്യമാക്കാനും കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനുമായുള്ള ഞങ്ങളുടെ സ്ഥാപക ചെയർമാൻ ജിഎ മേനോന്റെ കാഴ്ചപ്പാടിന് അനുസൃതമായുള്ള പ്രവർത്തനങ്ങൾക്ക് യു എസ് ടി പ്രാധാന്യം നൽകി പ്രവർത്തിക്കാൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. യു എസ് ടിയുടെ 25-ാം  വാർഷികാഘോഷത്തോടനുബന്ധിച്ച്, ജി എ മേനോൻ പൂർവവിദ്യാർത്ഥിയായിരുന്ന വടക്കൻ പറവൂരിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 25 വിദ്യാർത്ഥികളെ യോഗ്യതയുടെയും അക്കാദമിക മികവിൻ്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത് സ്‌കോളർഷിപ്പുകൾ നൽകി. തടസ്സങ്ങളേതുമില്ലാതെ പഠനം തുടരുന്നതിന് വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരമൊരുക്കും,” – യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമായി, മികച്ച അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കുന്നതിൽ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും പിന്തുണ നൽകുന്നതിൽ യു എസ്  ടി എന്നും മുൻപന്തിയിലാണ്. വിവിധ പരിപാടികളാണ് കമ്പനി ഈ മേഖലയിൽ നടപ്പാക്കി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *