Your Image Description Your Image Description

ബെര്‍ലിൻ: യൂറോ കപ്പ് ചാമ്പ്യൻമാരെ ഇന്നറിയാം. കിരീടപ്പോരാട്ടത്തിൽ മുന്‍ ചാമ്പ്യൻമാരായ സ്പെയിൻ കന്നിക്കിരീടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിനെ നേരിടും. ബെർലിനിൽ രാത്രി പന്ത്രണ്ടരയ്ക്കാണ് ഫൈനൽ. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാവും.

30 ദിവസത്തിനും 50 മത്സരങ്ങൾക്കും 114 ഗോളുകൾക്കും ഒടുവിലാണ് യൂറോകപ്പിനായി സ്പെയിനും ഇംഗ്ലണ്ടും മുഖാമുഖം വരുന്നത്. സ്പെയിൻ 2012ന് ശേഷമുള്ള ആദ്യ കിരീടം ലക്ഷ്യമിടുമ്പോൾ ഇംഗ്ലണ്ട് സ്വപ്നം കാണുന്നത് ആദ്യ യൂറോ കിരീടം. എല്ലാ കളിയും ജയിച്ചെത്തുന്ന സ്പെയിന് മുന്നിൽ ഡോണരുമയുടെ ഇറ്റലിയും മോഡ്രിച്ചിന്‍റെ ക്രോയേഷ്യയും ക്രൂസിന്‍റെ ജർമ്മനിയും എംബാപ്പേയുടെ ഫ്രാൻസുമെല്ലാം നിലംപൊത്തി.

പതിഞ്ഞ് തുടങ്ങിയ ഇംഗ്ലണ്ട് സെമിയിൽ ഉൾപ്പടെ മിക്ക കടമ്പയും പിന്നിട്ടത് അവസാന മിനിറ്റ് ഗോളിലൂടെ. പ്രതിഭാ ധാരാളിത്തം കൊണ്ട് സമ്പന്നരാണ് ഇംഗ്ലണ്ടും സ്പെയിനും. ഇംഗ്ലീഷ് ഗോൾമുഖത്ത് തീപ്പൊരി ചിതറാൻ ലാമിൻ യമാലും നിക്കോ വില്യംസും. മധ്യനിരയിൽ റോഡ്രിയും റൂയിസും ഓൾമോയും സ്പെയിനിന്‍റെ ഗതിയും വിധിയും നിശ്ചയിക്കും.
മറുവശത്ത് ഹാരി കെയ്നിന്‍റെ ഗോൾദാഹം ശമിക്കാത്ത ബൂട്ടുകൾക്ക് കരുത്തേകാൻ ജൂഡ് ബെല്ലിംഗ്ഹാമും ഫിൽ ഫോഡനും ബുക്കായോ സാക്കയും ഡെക്ലാൻ റൈസും കോബി മൈനോയും കൂട്ടാകും. കഴിഞ്ഞ യൂറോ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിക്ക് മുമ്പില്‍ ഇംഗ്ലണ്ട് വീണു. അന്ന് ടീമിലുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും ഇംഗ്ലണ്ട് നിരയില്‍ ഇപ്പോഴുമുണ്ട്. 1966ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ് ജയിച്ചതൊഴിച്ചാല്‍ സമ്പന്നമായ ലീഗ് പാരമ്പര്യമുണ്ടായിട്ടും ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന് ഒരു പ്രധാന കിരീടം സ്വന്തമാക്കാനായിട്ടില്ല ഇതുവരെ.

ഇപ്പോൾ ഇല്ലെങ്കിൽ ഇനിയില്ല, ഇറ്റ്സ് കമിംഗ് ഹോം. പ്രീമിയർ ലീഗിന്‍റെ വമ്പിൽ തലമുറകളിലേക്ക് കൈമാറിയ ഇത്തരം പ്രയോഗങ്ങൾ ഗാരെത് സൗത്ഗേറ്റിന്‍റെ തന്ത്രങ്ങളിലൂടെ ഇക്കുറിയെങ്കിലും സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ആരാധകർ. കളിയഴകിനൊപ്പം എതിരാളികളുടെ മർമ്മം നോക്കിയടിക്കുന്ന ലൂയിസ് ഫ്യുയന്തെയുടെ മനക്കണക്കിലേക്ക് സ്പെയിൻ ഒരിക്കൽക്കൂടി ഉറ്റുനോക്കുന്നത്. 2012നുശേഷം പ്രതാപം മങ്ങിയ സ്പെയിന്‍ യുവനിരയിലൂടെ ആരാധകരുടെ മനം കവര്‍ന്നാണ് യൂറോയിലെ നാലാം കിരീട തേടിയിറങ്ങുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *