Your Image Description Your Image Description

രണ്ടുവർഷത്തെ പഠനംകൊണ്ട് പ്രൈമറി അധ്യാപകരാകാൻ അവസരമൊരുക്കുന്ന ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ്) പ്രോഗ്രാമിന് ജൂലൈ 18 വരെ അപേക്ഷിക്കാം. നേരത്തെ ടിടിസി എന്നും പിന്നീട് ഡിഎഡ് എന്ന പേരിലും അറിയപ്പെട്ടിരുന്ന അധ്യാപക യോഗ്യതാ കോഴ്സാണിത്‌. കേരളത്തിലെ സർക്കാർ/എയ്ഡഡ്/ സ്വാശ്രയം എന്നീ മേഖലകളിലുള്ള 202 ടീച്ചേർസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കാണ് ഇപ്പോൾ പ്രവേശനം.

യോഗ്യത

ഹയർ സെക്കൻഡറി/ തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. പിന്നാക്ക വിഭാഗത്തിന് 45ശതമാനവും പട്ടിക ജാതി വിഭാഗത്തിന് പാസ് മാർക്കും മതി. പട്ടിക വിഭാഗക്കാർക്ക് പരീക്ഷയുടെ ചാൻസ് പരിധി ബാധകമല്ല. പ്രായം 2024 ജൂലൈ ഒന്നിന് 17നും 33 വയസ്സിനുമിടയിൽ. ഉയർന്ന പ്രായപരിധിയിൽ പിന്നാക്കം/പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 3/5 വർഷത്തെ ഇളവുണ്ട്. വിമുക്ത ഭടന്മാർക്കും നിയമാനുസൃതമായ ആനുകൂല്യമുണ്ട്.

അപേക്ഷാ രീതി

വെബ്സൈറ്റിലുള്ള വിജ്ഞാപനത്തോടൊപ്പമുള്ള മാതൃകയിൽ അപേക്ഷ നൽകണം. അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്/ ട്രഷറി ചലാനും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം അതത് റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് തപാൽ മാർഗമോ നേരിട്ടോ എത്തിക്കണം. പട്ടിക വിഭാഗക്കാർക്ക് അപേക്ഷ ഫീസ് ഇല്ല. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കാൻ പാടില്ല.

ഹ്യൂമാനിറ്റീസ്/സയൻസ്/ കൊമേഴ്സ് വിഭാഗത്തിലുള്ളവർക്ക് യഥാക്രമം 40/40/20 ശതമാനത്തിലാണ് സീറ്റുകളിലേക്കുള്ള പ്രവേശനം. അപേക്ഷിക്കുമ്പോഴുള്ള യോഗ്യത പരീക്ഷയിലെ മികവിന് 80%, പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്ക് 10%, ഇന്റർവ്യൂവിന് 10% എന്നിങ്ങനെ വെയ്റ്റേജ് നൽകി അപേക്ഷകരുടെ റാങ്ക് നിശ്ചയിക്കും. എയ്ഡഡ് സ്ഥാപനങ്ങളില മാനേജ്മെന്റ്‌ ക്വോട്ടയിലെ സീറ്റുകളിലെ പ്രവേശനത്തിന് അതത് സ്ഥാപനത്തിൽ അപേക്ഷ നൽകി അതിന്റെ പകർപ്പ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിക്കണം. കന്നട ടീച്ചേർസ് ട്രെയിനിംഗ് കോഴ്സിനുള്ള അപേക്ഷകൾ കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർക്കും തമിഴ് ടീച്ചേർസ് ട്രെയിനിംഗ് കോഴ്സിനുള്ള അപേക്ഷകൾ പാലക്കാട്/ഇടുക്കി എന്നീ വിദ്യാഭ്യാസ ഉപഡയറക്ടർക്കും ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള അപേക്ഷകൾ തിരുവനന്തപുരം/കൊല്ലം/ മലപ്പുറം/കോഴിക്കോട്/കണ്ണൂർ എന്നീ വിദ്യാഭ്യാസ ഉപഡയറക്ടർക്കും അയക്കണം

സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രവേശന വ്യവസ്ഥകളിൽ ചെറിയ മാറ്റം ഉണ്ട്. 50ശതമാനം സീറ്റുകൾ മെറിറ്റ് അടിസ്ഥാനത്തിൽ തന്നെയാണ്. സ്വാശ്രയ മേഖലയിലെ 101 സ്ഥാപനങ്ങളിലെ പ്രവേശന വിവരങ്ങൾ സ്വാശ്രയ വിജ്ഞാപനത്തിൽ ഉണ്ട്. വിവരങ്ങൾക്ക്: www.education.kerala.gov.in, ഫോൺ: 0471/2580595.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *