Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട്ടെ ഏറ്റവും പഴക്കമേറിയ പൊതുവിദ്യാലയമായ കുതിരവട്ടം ഗണപത് എല്‍പി-യുപി സ്കൂളിന് താഴ് വീഴുന്നു. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാതായതോടെയാണ് അടച്ചുപൂട്ടുന്നത്. അധ്യാപകരേയും ജീവനക്കാരേയും മാറ്റി നിയമിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. ഒന്നും രണ്ടുമല്ല 138 വര്‍ഷത്തെ പാരമ്പര്യമാണ് കുതിരവട്ടം ഗണപത് എല്‍പി-യുപി സ്കൂളിനുള്ളത്.ഇത്രകാലം ആ തലയെടുപ്പ് സ്കൂളിന് ഉണ്ടായിരുന്നു. ഒട്ടേറെ പ്രഗല്‍ഭര്‍ക്ക് വിദ്യ പകര്‍ന്നയിടമാണീ സ്കൂള്‍.

കാലക്രമേണ വിദ്യാലയം നാശത്തിലായി. കുട്ടികള്‍ കുറഞ്ഞു. കെട്ടിടങ്ങള്‍ക്ക് അധ്യാപകരും ജീവനക്കാരും കൈയില്‍ നിന്ന് കാശുമുടക്കി അറ്റകുറ്റപ്പണി നടത്തി മുന്നോട്ട് പോയി. ഇതിനിടെ ഈ ആധ്യയന വര്‍ഷത്തില്‍ പുതുതായി ഒരു കുട്ടി പോലും സ്കൂളില്‍ എത്തിയില്ല. ഇതോടെ പ്രവര്‍ത്തനം നിലച്ചു. എയ്ഡഡഡ് വിദ്യാലയമായ ഇതിന്‍റെ ഉടമകള്‍ വിദേശത്താണ്.നിലവില്‍ പ്രധാന അധ്യാപിക ഉള്‍പ്പടെ മൂന്ന് അധ്യാപികമാരും ഒരു ഓഫീസ് ജീവനക്കാരിയുമാണ് ഇവിടെയുള്ളത്.

സ്കൂള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ഇവരെ മറ്റ് വിദ്യാലയങ്ങളിലേക്ക് പുനര്‍ വിന്നസിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.തളി സാമൂതിരി ഹൈസ്ക്കൂള്‍ അധ്യാപകനായ ഗണപത് റാവു 1886 ല്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.കോഴിക്കോടിന്‍റെ പ്രധാന സാംസ്കാരിക പരിസരമായ ദേശാപോഷിണി വായനശാല ഉള്‍പ്പെടുന്ന പ്രദേശത്താണ് ഗണപത് എല്‍പി-യുപി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

സജിഷക്ക് പ്രിയപ്പെട്ട സ്കൂള്‍; വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്നാവശ്യം

കുതിരവട്ടം ഗണപത് എയ്ഡഡ് എല്‍.പി-യു.പിസ്കൂളുമായി നാല്‍പ്പത് വര്‍ഷത്തിലേറെക്കാലത്തെ ബന്ധമുണ്ട് മൈലമ്പാടി സ്വദേശി സജിഷക്ക്. വിദ്യാര്‍ത്ഥിയായും പിന്നീട് ജീവനക്കാരിയായും ഇഴപിരിയാത്ത ബന്ധം തുടര്‍ന്ന സജിഷ ഇടറുന്ന വാക്കുളിലാണ് വിദ്യാലയത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞൊപ്പിച്ചത്.സജിഷക്ക് കുടുംബം പോലെയാണ് കുതിരവ്ടം ഗണപത് എല്‍പി-യുപി സ്കൂള്‍.അച്ഛന്‍ സദാനന്ദന്‍ ഇവിടെ ഓഫീസ് ജീവനക്കാരനായിരുന്നു.

സജിഷ യുപി ക്ലാസില്‍ പഠിച്ചതും ഇവിടെ. അച്ഛന്‍ ജോലിയില്‍ നിന്ന് വിരമിച്ച വര്‍ഷം സജിഷ ഇവിടെ അതേ തസ്തികയില്‍ ജോലിക്ക് ചേര്‍ന്നു. വിദ്യാലയത്തോട് ഏറെ വൈകാരിക ബന്ധമാണ് ഇവര്‍ക്കു്ളത്. അത് പെരുമാറ്റത്തിലും വാക്കിലും വ്യക്തം. സ്കൂള്‍ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും ഏറ്റെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്നുമാണ് സജിഷ ആവശ്യപ്പെടുന്നത്.സ്കൂള്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ അധ്യാപകര്‍ക്കൊപ്പം സജിഷയും പടിയിറങ്ങും.

സ്കൂളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ സ്വന്തം കൈയ്യില്‍ നിന്ന് പലപ്പോഴും കാശ് ചെലവിട്ടിട്ടുണ്ട്. തന്‍റെ തുച്ഛമായ വരുമാനത്തില്‍ നിന്ന് സജിഷയും അതിലേക്ക് പങ്ക് നല്‍കും.നിലവില്‍ 24 വര്‍ഷമായി സ്കൂളിലെ ജീവനക്കാരിയാണ്. ഇനി എവിടെക്കെന്ന് സജിഷക്ക് അറിയില്ല. പ്രിയപ്പെട്ട വിദ്യാലയത്തോട് വിടപറയുകയാണെന്ന നീറുന്ന വാസ്തവം മാത്രമറിയാം.

Leave a Reply

Your email address will not be published. Required fields are marked *