Your Image Description Your Image Description

മലപ്പുറം: മലപ്പുറത്ത് മ‍ഞ്ഞപ്പിത്തം ബാധിച്ച് രണ്ടുമാസത്തിനിടെ മൂന്ന് മരണം. കഴിഞ്ഞ രണ്ടു ദിവസമായി പനിച്ചു വിറയ്ക്കുകയാണ് മലബാറിലെ ജില്ലകള്‍. ഇന്നലെയും മിനിഞ്ഞാന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയവരില്‍ പകുതിയിലധികവും മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്.

മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മലപ്പുറം നിലമ്പൂര്‍ മാനവേദന്‍ സ്കൂളിലെ അധ്യാപകനായ അജീഷാണ് മരിച്ചത്. 42 വയസായിരുന്നു. 10 ദിവസം മുമ്പാണ് രോഗം ബാധിച്ചത്. രണ്ടു മാസത്തിനിടെ മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്തുണ്ടാകുന്ന മൂന്നാമത്തെ മരണമാണ്. നേരത്തെ ചേലമ്പ്രയില്‍ വിദ്യാത്ഥിനിയും വഴിക്കടവില്‍ പ്രവാസിയും മരിച്ചു. അഞ്ഞൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച വള്ളിക്കുന്നില്‍ വ്യാപനം കുറഞ്ഞത് ആശ്വാസമാണ്. കഴിഞ്ഞ ദിവസങ്ങളിലെ പനിക്കണക്കില്‍ മലബാര്‍ മേഖല കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് ഒട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പനികളില്‍ പകുതിയിലധികവും മലബാര്‍ ജില്ലകളില്‍ നിന്നാണ്.

ഇന്നലെ സംസ്ഥാനത്ത് 13,196 പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയപ്പോള്‍ 6,874 ഉം മലബാറില്‍ നിന്നാണ്. കോഴിക്കോട് 12 ഉം മലപ്പുറത്ത് 11 ഉം മഞ്ഞപ്പിത്തക്കേസുകള്‍ ഇന്നലെ സ്ഥിരീകരിച്ചു. ബുധനാഴ്ച മലപ്പുറത്ത് എട്ടും കോഴിക്കോട് 11 മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയും ആശങ്ക ഉയർത്തുകയാണ്. രണ്ടു ദിവസങ്ങളിലായി നൂറു ഡെങ്കി സംശയിക്കുന്ന കേസുകളാണ് കോഴിക്കോട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കണ്ണൂരില്‍ 84 കേസുകളുമുണ്ട്. ഡെങ്കിപ്പനി ബാധിച്ച് മരണങ്ങളും രണ്ടു മാസത്തിനിടെ രണ്ടു ജില്ലകളിലുമുണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *