Your Image Description Your Image Description

പത്തനംതിട്ട: വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവര്‍ത്തിച്ചിരുന്ന പന്തളത്തെ ഹോട്ടൽ പൂട്ടിച്ചു. ഫലക് മജ്ലിസ് എന്ന ഹോട്ടലാണ് പൂട്ടിച്ചത്. ശുചിമുറിയുടെ പൈപ്പിനോട് ചേർന്ന് മസാല പുരട്ടി വച്ച നിലയിലാണ് ഇവിടെ നിന്ന് ഇറച്ചി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പരാതി വന്നിരുന്നു. ഇതോടെയാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തി.

അതേസമയം, നാദാപുരം വളയം പഞ്ചായത്തില്‍ ആരോഗ്യവിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത മത്സ്യവും ഐസും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വളയം മത്സ്യമാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലുമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പ്രദേശത്തെ ഒരു വീട്ടുപരിസരത്ത് വില്‍പനക്കായി സൂക്ഷിച്ച നിലയിലാണ് 15 കിലോയോളം മത്സ്യവും 40 കിലോ ഐസും കണ്ടെത്തിയത്.

വളയത്തെ മത്സ്യമാര്‍ക്കറ്റില്‍ മതിയായ അളവില്‍ ഐസ് ഉപയോഗിക്കാതെ മത്സ്യം വിറ്റ കച്ചവടക്കാരന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നാദാപുരം സര്‍ക്കിളിലെ ഭക്ഷ്യസുരക്ഷാവിഭാഗം ഓഫീസര്‍ ഫെബിന അഷ്‌റഫ്, ഓഫീസ് അസിസ്റ്റന്‍റ് മഠത്തില്‍ നൗഷീന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *