Your Image Description Your Image Description

 

ഇടുക്കി: ഇടുക്കി ജില്ലയിൽ വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഈ വർഷം വൻ വർധനവുണ്ടായതായി ജില്ല പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്. കഴിഞ്ഞ വർഷം 850 പരാതികൾ ലഭിച്ചപ്പോൾ ഇത്തവണ ആറുമാസം കൊണ്ട് പരാതികളുടെ എണ്ണം 742 കടന്നു. ഇതോടെ സൈബർ തട്ടിപ്പുകളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവത്ക്കരണം നൽകാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

വിശദ വിവരങ്ങൾ ഇപ്രകാരം

ഇടുക്കിയിൽ നിന്ന് മാത്രം രണ്ടര വർഷം കൊണ്ട് പതിനാലുകോടി രൂപയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ തട്ടിയെടുത്തത്. കഴിഞ്ഞ ആറു മാസം കൊണ്ടാണ് അഞ്ചരക്കോടി രൂപ നഷ്ടപ്പെട്ടത്. 742 പരാതികളിൽ 55 കേസുകൾ രജിസ്റ്റർ ചെയ്തു. യഥാസമയം പരാതി ലഭിച്ച മൂന്ന് കേസുകളിൽ നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് നൽകാൻ പൊലീസിന് കഴി‍ഞ്ഞു. രണ്ടു കോടിയോളം രൂപയുടെ ഇടപാടുകൾ മരവിപ്പിക്കുകയും ചെയ്തു. വ്യാജ ലോട്ടറി അടിച്ചെന്നും, ക്രിപ്റ്റോകറൻസി സ്റ്റോക്ക് മാർക്കറ്റ് എന്നിവിടങ്ങളിൽ നിക്ഷേപിച്ച് വൻതുക തുക തിരിച്ചു നൽകുന്നമെന്നും പാഴ്സസലുകളിൽ നിയമ വിരുദ്ധ സാധനങ്ങളെത്തിയെന്ന് ഭീഷണിപ്പെടുത്തിയും വൻതുക വായ്പയായി വാഗ്ദാനം ചെയ്തുമൊക്കെയാണ് ആളുകളിൽ നിന്നും പണം തട്ടിയെടുക്കുന്നതെന്ന് ഇടുക്കി ജില്ല പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് വ്യക്തമാക്കി.

അഭ്യസ്ത വിദ്യരായ യുവാക്കളാണ് തട്ടിപ്പിന് ഇരയാകുന്നവരിൽ കൂടുതലും. കൈപ്പറ്റുന്ന പണം നിമിഷങ്ങൾക്കുള്ളിൽ പല അക്കൗണ്ടുകളിലേക്ക് മാറ്റുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളും സിം കാർഡ് തുച്ഛമായ തുക നൽകി വാങ്ങിയാണ് ഇടപാടുകൾ നടത്തുന്നത്. അതിനാൽ തന്നെ കുറ്റവാളികളെ കണ്ടെത്തുക ഏറെ പ്രയാസകരമാണ്. പണം നഷ്ടപ്പെടുന്നവർ നാണക്കേട് ഭയന്ന് പുറത്ത് പറയാത്തതും തട്ടിപ്പുകാർക്ക് സഹായകരമാകുന്നുണ്ട്. അതിനാൽ പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ അറിയിക്കണമെന്നാണ് പൊലീസിൻറെ അഭ്യർത്ഥന. വിവിധ തരത്തിലുള്ള തട്ടിപ്പുകളെ സംബന്ധിച്ച് ആളുകൾക്ക് അവബോധം നൽകാൻ ബാങ്കുകളുമായി ചേർന്ന് ബോധവത്ക്കരണ ക്ലാസുകൾ നടത്തും. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സൈബർ വോളണ്ടിയർമാരെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *