Your Image Description Your Image Description

മ്യൂണിക്ക്: യൂറോ കപ്പില്‍ ഫ്രാന്‍സിന്‍റെ സെമിയിലേക്കുള്ള മുന്നേറ്റം കണ്ട് അമ്പരക്കുകയാണ് ഫുട്ബോള്‍ ആരാധകര്‍. ഒരൊറ്റ ഓപ്പണ്‍ ഗോളുമില്ലാതെയാണ് ഫ്രാന്‍സിന്‍റെ സെമിഫൈനല്‍ പ്രവേശം. ടീം ജയിക്കുന്നുണ്ടെങ്കിലും ആഘോഷിക്കാന്‍ ഒരു ഗോളിതുവരെ കിട്ടാത്തതിന്‍റെ നിരാശയും ആരാധകര്‍ക്കുണ്ട്.

കിലിയൻ എംബാപ്പേ, അന്‍റോയ്ൻ ഗ്രീസ്മാൻ, എംഗോളോ കാന്‍റെ, കൗളോ മുവാനി, കൂണ്ടേ, ചുവാമെനി, റാബിയോ, പേരുകൊണ്ടുപോലും എതിരാളികളെ വിറപ്പിക്കാൻ പോന്ന താരങ്ങളെല്ലാം ഉണ്ടായിട്ടും ഒന്ന് ആഘോഷിക്കാനോ ഒരു സ്റ്റാറ്റസ് ഇടാനോ എതിർ ടീം ആരാധകരോട് തര്‍ക്കിക്കാനോ മികച്ചൊരു നിമിഷം പോലും മുന്‍ ലോക ചാമ്പ്യൻമാര്‍ ഇതുവരെ സമ്മാനിച്ചില്ലെന്ന് ഫ്രാന്‍സിന്‍റെ കടുത്ത ആരാധകർ പോലും രഹസ്യമായി സമ്മതിക്കും.

ഗ്രൂപ്പിലെയടക്കം അഞ്ച് മത്സരങ്ങളില്‍ നിന്നായി ആകെ മൂന്ന് ഗോളുകളാണ് ഫ്രാന്‍സ് ഇതുവരെ നേടിയത്. ഇതില്‍ എതിരാളികള്‍ ദാനമായി നല്‍കിയ രണ്ട് സെല്‍ഫ് ഗോളുകളും ഒരു പെനാല്‍റ്റി ഗോളും. ഇതുവരെ ഒരു ഗോള്‍ മാത്രമെ വഴങ്ങിയുള്ളൂ എന്നത് മാത്രമാണ് ആശ്വാസിക്കാന്‍ വകയുള്ള ഒരേയൊരു കാര്യം. അതും പെനല്‍റ്റി ഗോളായിരുന്നു. ഓസ്ട്രിയയ്‌ക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഒരു ഗോളിനാണ് ഫ്രാന്‍സ് വിജയിച്ചത്. ഓസ്ട്രിയന്‍ താരം മാക്‌സിമിലിയന്‍ വോബറിന്‍റെ സെല്‍ഫ് ഗോളാണ് ടീമിന് നേട്ടമായത്. നെതര്‍ലന്‍ഡ്‌സിനെതിരായ രണ്ടാം മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ പോളണ്ടുമായി സമനില. ഇരുടീമുകളും ഓരോ ഗോള്‍ വീതമാണ് നേടി. എംബാപ്പെ പെനാല്‍റ്റിയില്‍ ഗോള്‍ നേടി. ബെൽജിയത്തിനെതിരായ പ്രീക്വാര്‍ട്ടറിലും സെല്‍ഫ് ഗോള്‍ തുണച്ചു. ബെൽജിയം ഡിഫൻഡർ യാൻ വെർടോം​ഗന്‍റെ സെൽഫ് ​ഗോളിലാണ് ടീം ക്വാർട്ടറിലേക്ക് മുന്നേറിയത്. ക്വാര്‍ട്ടറില്‍ ഗോള്‍രഹിത സമനിലക്ക് ശേഷം ഷൂട്ടൗട്ടിലായിരുന്നു ഫ്രാന്‍സിന്‍റെ ജയം. യൂറോ കപ്പിന്‍റെ ചരിത്രത്തിൽ ഒരു ഓപ്പണ്‍ ഗോൾ അടിക്കാതെയും വഴങ്ങാതെയും സെമിയിലെത്തുന്ന ആദ്യ ടീമാണ് ഫ്രാന്‍സ്. ഈ റെക്കോര്‍ഡുമായി ഫൈനലിലെത്തി ടീം കിരീടം നേടുമോയെന്ന് ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *