Your Image Description Your Image Description

മ്യൂണിക്ക്: യൂറോ കപ്പ് ഫുട്ബോളിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. മുന്‍ ചാമ്പ്യൻമാര്‍ തമ്മിലുള്ള ആദ്യ സെമിയില്‍ സ്പെയിൻ ഫ്രാൻസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30ന് ആണ് മത്സരം. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും മത്രം തത്സമയം കാണാനാകും. എല്ലാ മത്സരത്തിലും ജയിച്ച്, ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച്, മിന്നുന്ന കളി പുറത്തെടുത്താണ് സ്പെയിന്‍ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. വിംഗുകളിൽ ലാമിൻ യമാലിന്‍റെയും നിക്കോ വില്യംസിന്‍റെയും ചോരത്തിളപ്പിനൊപ്പം കളി നിയന്ത്രിക്കാൻ നായകൻ റോഡ്രിയുടെ പരിചയസമ്പത്തുകൂടിയാകുമ്പോള്‍ സ‍ർവ സജ്ജരായി, പൂർണ ആത്മ വിശ്വാസത്തോടെയാണ് സ്പെയിൻ സെമി ഫൈനല്‍ പോരിനിറങ്ങുന്നത്.

പരിക്കേറ്റ പെഡ്രിക്കും സസ്പെൻഷനിലായ ഡാനി കാർവജാലിനും റോബിൻ ലെ നോർമൻഡിനും പകരം ഡാനി ഓൽമോയും നാച്ചോയും ജീസസ് നവാസും ഇലവനിലെത്തും. പാസിംഗിനിടെ ഗോളടിക്കാൻ മറക്കുന്ന കളിശൈലി ഉപേക്ഷിച്ച കോച്ച് ലൂ​യി ഡി ​ലാ ഫു​വ​ന്‍റെയുടെ ടീം അഞ്ച് കളിയിൽ നേടിയത് പതിനൊന്നു ഗോൾ. വഴങ്ങിയത് രണ്ടെണ്ണം മാത്രം.

മറുവശത്ത് തട്ടിമുട്ടി കടന്നുകൂടിയ ഫ്രാൻസ് കളിയിലും ഗോളിലുമെല്ലാം ശോകം. കിലിയൻ എംബാപ്പേ,അന്‍റോയ്ൻ ഗ്രീസ്മാൻ,എംഗോളോ കാന്‍റെ, കൗളോ മുവാനി, കൂണ്ടേ,ചുവാമെനി, റാബിയോ,പേരുകൊണ്ടുപോലും എതിരാളികളെ വിറപ്പിക്കാൻ പോന്ന താരങ്ങളെല്ലാം ഉണ്ടായിട്ടും ഫ്രാന്‍സ് ഇതുവരെ നനഞ്ഞ പടക്കമായിരുന്നു. എതിരാളികളുടെ സെല്‍ഫ് ഗോളുകളുടെ സഹായത്തോടെ സെമിയിലെത്തിയ ദിദിയെർ ദെഷാമിന്‍റെ ഫ്രാൻസ് ഇതുവരെ നേടിയത് ഒറ്റഗോൾ മാത്രമാണ്. അതാവട്ടേ പെനാൽറ്റിയിലൂടെയും. ഈ കളി മാറ്റിയില്ലെങ്കിൽ സെമിയിൽ ഫ്രാൻസ് ഇന്ന് സ്പെയിനിനെതിരെ വെള്ളംകുടിക്കുമെന്നുറപ്പ്. ഇരുടീമും മുപ്പത്തിയാറ് തവണ മുഖാമുഖം വന്നിട്ടുണ്ട്. സ്പെയ്ൻ പതിനാറിലും ഫ്രാൻസ് പതിമൂന്നിലും ജയിച്ചു.ഏഴ് കളി സമനിലയിൽ പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *