Your Image Description Your Image Description

 

മ്യൂണിക്: യൂറോ കപ്പ് സെമിഫൈനൽ പോരാട്ടങ്ങളിലേക്ക് എത്തുമ്പോൾ ആകെ പിറന്നത് 108 ഗോളുകൾ. ഇതിൽ പത്തും സെൽഫ് ഗോളുകളാണ്. 48 മത്സരങ്ങളിൽ നിന്നാണ് യൂറോയിൽ 108 ഗോളുകൾ പിറന്നത്. മൂന്ന് ഗോൾവീതം നേടിയ നെതർലൻഡ്സിൻറെ കോഡി ഗാപ്കോ, ജർമ്മനിയുടെ ജമാൽ മുസ്യാല, സ്ലോവാക്യയുടെ ഇവാൻ സാഞ്ചസ്, ജോർജിയയുടെ ജോർജസ് മികൗറ്റാഡ്സെ എന്നിവരാണ് ടോപ് സ്കോറർമാരിൽ മുന്നിൽ.

ഇവരിൽ സെമിയിൽ കളിക്കുന്നത് ഗാക്പോ മാത്രം. രണ്ട് ഗോളുമായി സെമിയിൽ കളിക്കുന്ന ഇംഗ്ലണ്ടിൻറെ ജൂഡ് ബെല്ലിംഗ്ഹാം, ഹാരി കെയ്ൻ, സ്പെയിനിൻറെ ഡാനി ഓൽമോ, ഫാബിയൻ റൂയിസ് എന്നിവർക്കും ഗോൾഡൺ ബൂട്ടിൽ പ്രതീക്ഷ വയ്ക്കാം. ഇത്തവണ ഫൈനൽ പൂർത്തിയാവുമ്പോഴും ഗോൾവേട്ടയിൽ കഴിഞ്ഞ യൂറോയ്ക്കൊപ്പമെത്താൻ കഴിയില്ലെന്നുറപ്പ്. 2021ൽ 51 കളിയിൽ 142 ഗോളുകൾ നേടിയിരുന്നു. മൂന്ന് കളി ബാക്കി നിൽക്കേ മുപ്പത്തിനാല് ഗോളിൻറെ കുറവുണ്ട്.

എന്നാൽ സെൽഫ് ഗോളിൻറെ കാര്യത്തിൽ വലിയ മാറ്റം. കഴിഞ്ഞതവണ ആകെ 11 സെൽഫ് ഗോൾ പിറന്നപ്പോൾ ഇക്കുറി സെമി എത്തിയപ്പോഴേക്കും പത്ത് സെൽഫ് ഗോൾ താരങ്ങളുടെ പേരിൽ കുറിക്കപ്പെട്ടു. യൂറോകപ്പിൽ ഇത്തവണ ഫ്രീകിക്കിൽ നിന്ന് ഒറ്റ ഗോൾ പോലും പിറന്നില്ലെന്നതും കൗതുകകരമാണ്. കഴിഞ്ഞ യൂറോയിൽ ശരാശരി ഒരു മത്സരത്തിൽ എക്കാലത്തെയും ഉയർന്ന 2.79 ഗോളുകൾ കുറിക്കപ്പെട്ടപ്പോൾ ഇത്തവണ അത് 2.25 മാത്രമാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഗോൾ ശരാശരിയാണിത്.
പാസിംഗിലും ബോൾ പൊസഷിനിലും മുന്നിട്ടുനിന്നിട്ടും സെമിയിലെത്തിയ ഇംഗ്ലണ്ട് ഇതുവരെ അടിച്ചത് അഞ്ചേ അഞ്ച് ഗോളുകൾ മാത്രമാണ്. ഫ്രാൻസ് ആകട്ടെ ഇതുവരെ നിശ്ചിത സമയത്ത് ഗോളേ നേടിയിട്ടില്ല. അവർ നേടിയ മൂന്ന് ഗോളുകളിൽ രണ്ടെണ്ണം എതിരാളികളുടെ സെൽഫ് ഗോളും ഒരെണ്ണം പെനൽറ്റിയുമായിരുന്നു. യൂറോയിൽ രണ്ട് ക്വാർട്ടർ പോരാട്ടങ്ങളിലെ വിജയികളെ നിശ്ചയിച്ചത് ഷൂട്ടൗട്ടിലായിരുന്നു. നാലു ക്വാർട്ടർ മത്സരങ്ങളിൽ നിന്നായി പിറന്നതാകട്ടെ ഏഴ് ഗോളുകൾ മാത്രവും.

യൂറോയിൽ മാത്രമല്ല, കോപ അമേരിക്കയിലും സ്ഥിതി വ്യത്യസ്തമല്ല. കോപയിൽ ശരാശരി 2.21 ഗോളുകൾ മാത്രമാണ് ഇതുവരെ പിറന്നത്. കോപയിലെ ക്വാർട്ടർ പോരാട്ടങ്ങളിൽ നാലിൽ മൂന്നിലും വിജയികളെ കണ്ടെത്തിയത് ഷൂട്ടൗട്ടിലായിരുന്നു. നാലു ക്വാർട്ടർ പോരാട്ടങ്ങളിൽ പനാമക്കെതിരെ കൊളംബിയ 5-0ൻറെ നേടിയ ജയമൊഴിച്ചാൽ മൂന്ന് മത്സരങ്ങളിൽ ആകെ പിറന്നത് നാലു ഗോളുകൾ മാത്രവും. യുറുഗ്വോ-ബ്രസീൽ ക്വാർട്ടർ പോരാട്ടത്തിലെങ്കിലും ഗോൾ മേളം പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി ഇരു ടീമുകളും നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *