Your Image Description Your Image Description

 

കൊൽക്കത്ത: കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് ആറ് വയസുകാരൻ മരിച്ചു. അഞ്ചാം നിലയിലെ പടികളിൽ സഹോദരിക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കൈവരികൾക്ക് ഇടയിലുള്ള വിടവിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ശനിയാഴ്ച രാത്രി 9.15നാണ് അപകടം സംഭവിച്ചത്. കൊൽക്കത്തയിലെ സൈനിക കോംപ്ലക്സിലാണ് അപകടമുണ്ടായത്. ജമുന ബിൽഡിങിലെ അഞ്ചാം നിലയിലുള്ള സർവന്റ്സ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദുർഗയുടെ മകൻ യോഗേഷ് നായക് ആണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. യോഗേഷിന്റെ അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബമാണ് ക്വാർട്ടേഴ്സിലുണ്ടായിരുന്നത്. മാതാപിതാക്കൾ മുറിയിലായിരുന്ന സമയത്ത് കുട്ടികൾ പുറത്ത് പടിയിൽ കളിക്കുകയായിരുന്നു. ഇതിനിടെ യോഗേഷ് കൈവരിയിലൂടെ നിരങ്ങി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ കുട്ടിയുടെ ബാലൻസ് തെറ്റി താഴേക്ക് വീണുവെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറ‌‌ഞ്ഞു. ചതുരാകൃതിയിലുള്ള കൈവരികൾക്ക് ഇടയിലുള്ള വിടവിലൂടെ അറുപത് അടിയോളം താഴ്ചയിലേക്കാണ് കുട്ടി വീണത്. സഹോദരി ബഹളം വെച്ചപ്പോൾ മാതാപിതാക്കൾ ഓടി പുറത്തേക്ക് വന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കളും തൊട്ടടുത്ത് താമസിക്കുന്നവരും ചേർന്ന് പത്ത് മിനിറ്റിനകം കൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായിരുന്നതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *