Your Image Description Your Image Description

ദുബായ്: വനിതകളുടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഗ്രൂപ്പ് എയിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ആദ്യമത്സരത്തിൽ ന്യൂസീലൻഡിനോടേറ്റ 58 റൺസ് തോൽവിയുടെ നാണക്കേടുമായാണ് ടീം ഇന്ത്യ പാകിസ്ഥാനെതിരെ കളത്തിലിറങ്ങുന്നത്. ഇന്ത്യക്ക് സെമിഫൈനൽസാധ്യത നിലനിർത്താനുള്ള നിർണായക മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യംവെക്കാനാകില്ല. ഇന്നു വൈകിട്ട് 3.3ന് ദുബായിലാണ് പാകിസ്ഥാനുമായുള്ള നിർണായക മത്സരം.

പാകിസ്താനെതിരേ ആകെ കളിച്ച 15 ട്വന്റി-20 മത്സരങ്ങളിൽ 12 വിജയിച്ച ആത്മവിശ്വാസം ടീം ഇന്ത്യക്കുണ്ട്. എന്നാൽ, ന്യൂസീലൻഡിനോട് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ ഇനിയൊരു തോൽവികൂടി വഴങ്ങിയാൽ സെമികാണാതെ പുറത്താകും. റൺറേറ്റിലും ഏറെ പുറകിലാണ് ഇന്ത്യ. അവസാനഘട്ടത്തിൽ ടീമുകളുടെ പോയിന്റുനില തുല്യമായാൽ ഈ റേൺറേറ്റുമായി പിടിച്ചുനിൽക്കാനാകില്ല.

ആദ്യമത്സരത്തിൽ മൂന്നുസ്പിന്നർമാരും മൂന്നുപേസർമാരും ഉൾപ്പെടെ ആറുബൗളർമാരുമായി ഇറങ്ങാനുള്ള തീരുമാനം പാളിപ്പോയെന്ന വിലയിരുത്തലുണ്ട്. ഇതോടെ, ബാറ്റിങ്ങിന്റെ ആഴം നഷ്ടപ്പെട്ടു എന്നുമാത്രമല്ല ബാറ്റർമാരുടെ പൊസിഷൻ മാറി കളിക്കേണ്ടിവന്നു. സാധാരണയായി നാലാം നമ്പറിൽ ഇറങ്ങാറുള്ള ഹർമൻപ്രീത് കൗർ വൺഡൗണായി ഇറങ്ങിയതോടെ മധ്യനിരയിലാകെ സ്ഥാനംമാറി. ആറു ബൗളർമാരുണ്ടായിട്ടും കിവീസിനെ ചെറിയ സ്‌കോറിൽ ഒതുക്കാനുമായില്ല. അവർ കുറിച്ച 160 റൺസ് ഈ ലോകകപ്പിലെ ഉയർന്ന ടീം സ്‌കോറാണ്. പാകിസ്താനെതിരേ, മുൻനിരബാറ്റർ ദയാലൻ ഹേമലതയെ കളിപ്പിച്ചേക്കും.

അതേസമയം, ആദ്യമത്സരത്തിൽ ശ്രീലങ്കയെ 31 റൺസിന് തോൽപ്പിച്ച ആവേശത്തിലാണ് പാകിസ്താൻ വരുന്നത്. സാദിയ ഇഖ്ബാൽ, നിദാ ദർ എന്നിവരുൾപ്പെട്ട പാക് സ്പിൻനിര അതിശക്തമാണ്. പേസ് ഓൾറൗണ്ടറായ ക്യാപ്റ്റൻ ഫാത്തിമ സനയുടെ മികവും ടീമിന് കരുത്തേകുന്നു. എന്നാൽ, പ്രധാന പേസ് ബൗളർ ഡയാന ബെയ്ഗിന് ആദ്യമത്സരത്തിനിടെ പരിക്കേറ്റത് തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *