Your Image Description Your Image Description

 

 

വാഷിംഗ്‌ടൺ: ചരിത്രത്തിലെ ഏറ്റവും വലിയ പാസ്‌വേഡ് ചോർത്തൽ നടത്തിയെന്ന അവകാശവാദവുമായി ഹാക്കർ രംഗത്ത്. വ്യത്യസ്തമായ 995 കോടി പാസ്‌വേഡുകൾ തട്ടിയെടുത്തു എന്ന അവകാശവാദത്തോടെ ‘ഒബാമ‌കെയർ’ എന്ന ഹാക്കറാണ് രംഗത്തെത്തിയിരിക്കുന്നത് എന്ന് രാജ്യാന്തര മാധ്യമമായ ഫോബ്‌സ് റിപ്പോർട്ട് ചെയ്തു. ‘റോക്ക്‌യൂ2024’ എന്ന ഡാറ്റാബേസിലൂടെയാണ് പാസ്‌വേഡുകൾ പുറത്തുവിട്ടിരിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ പാസ്‌വേഡ് ചോർച്ചയാണിത് എന്ന് ഗവേഷകർ പറയുന്നു. ഏറെ വർഷങ്ങളെടുത്ത് ചോർത്തിയ പാസ്‌വേഡ് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് എന്നാണ് അനുമാനം.

മുമ്പും റോക്ക്‌യൂ പാസ്‌വേഡുകൾ ചോർത്തിയിട്ടുണ്ട് എന്നാണ് ഫോബ്‌സിൻറെ റിപ്പോർട്ടിൽ പറയുന്നത്. ഇതിൻറെ തുടർച്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഡാറ്റാബേസും എന്നാണ് സൂചന. ഇങ്ങനെ ചോർത്തിക്കിട്ടിയ വിവരങ്ങൾ മുമ്പും ഒബാമകെയർ ഇൻറർനെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021ൽ റോക്ക്‌യൂ2021 എന്ന പേരിൽ 8.4 ബില്യൺ പാസ്‌വേഡുകൾ പുറത്തുവിട്ടിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേഡുകളും ഇതിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിന് ശേഷം 2024 വരെയുള്ള പാസ്‌വേഡുകളാണ് ഇപ്പോൾ ഹാക്കർ പുറത്തുവിട്ടിരിക്കുന്നത് എന്നാണ് സൂചന.

പാസ്‌വേഡ് ചോർച്ച വലിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് കാരണമാകും എന്ന ആശങ്കയുണ്ടാക്കുന്നതായി ഗവേഷകർ പറയുന്നു. ബാങ്ക് അക്കൗണ്ട്, ഇ മെയിൽ, ഇൻഡസ്ട്രിയൽ സിസ്റ്റംസ്, സുരക്ഷാ ക്യാമറകൾ അടക്കമുള്ളയിലേക്ക് ലീക്കായ വിവരങ്ങൾ ഉപയോഗിച്ച് പ്രവേശിക്കാനുള്ള സാധ്യതയാണ് അപകട ഭീഷണിയുയർത്തുന്നത്. ഓൺലൈൻ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പിക്കാനായുള്ള പാസ്‌വേഡുകൾ ഹാക്കർമാർ കൈക്കലാക്കുന്നത് തടയാൻ കൂടുതൽ ജാഗ്രത വേണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പല തരത്തിലുള്ള ഡാറ്റ ചോർച്ചകൾ ഇൻറർനെറ്റ് ലോകത്ത് മുമ്പും വലിയ ഭീഷണിയായിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യതയെ ഉൾപ്പടെ ബാധിക്കുന്ന വിഷയമാണിത്.

Leave a Reply

Your email address will not be published. Required fields are marked *