Your Image Description Your Image Description

 

 

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 100 റൺസ് ജയവുമായി ഇന്ത്യ തിരിച്ചടിച്ചപ്പോൾ ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം അഭിഷേക് ശർമ നേടിയ 100 റൺസായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയ അഭിഷേക് അതിൻറെ നിരാശ മറികടക്കുന്ന പ്രകടനമാണ് തൻറെ രണ്ടാം മത്സരത്തിൽ പുറത്തെടുത്തത്. തുടർച്ചയായി മൂന്ന് സിക്സുകളുമായി 46 പന്തിൽ സെഞ്ചുറിയിലെത്തിയ അഭിഷേക് പിന്നാലെ പുറത്താവുകയും ചെയ്തു.

ഏഴ് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിൻറെ വെടിക്കെട്ട് ഇന്നിംഗ്സ്. അഭിഷേകിനൊപ്പം റുതുരാജ് ഗെയ്ക്‌വാദ്(47 പന്തിൽ 77*), റിങ്കു സിംഗ്(22 പന്തിൽ 48*) എന്നിവരും ചേർന്നപ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ(2) മാത്രമാണ് ഇന്ത്യൻ നിരയിൽ നിരാശപ്പെടുത്തിയത്. എന്നാൽ മത്സരശേഷം അഭിഷേക് പറഞ്ഞത് താൻ സെഞ്ചുറിയടിച്ചത് ഗില്ലിൻറെ ബാറ്റ് കൊണ്ടായിരുന്നു എന്നാണ്. ഇന്ന് ഞാൻ കളിച്ചത് ശുഭ്മാൻ ഗില്ലിൻറെ ബാറ്റുകൊണ്ടായിരുന്നു. മികച്ച പ്രകടനം നടത്താനുള്ള സമ്മർദ്ദമുണ്ടാകുമ്പോഴൊക്കെ താൻ ഗില്ലിൻറെ ബാറ്റുമായാണ് കളിക്കാനിറങ്ങാറുള്ളതെന്നും അഭിഷേക് ശർമ പറഞ്ഞു. മുമ്പും ഞാനിതുപോലെ ചെയ്തിട്ടുണ്ട്. എപ്പോഴൊക്കെ റൺസ് ആവശ്യമുണ്ടോ അപ്പോഴെല്ലാം ഗില്ലിൻറെ ബാറ്റ് എടുക്കുമെന്നും അഭിഷേക് റേവ് സ്പോർട്സിനോട് പറഞ്ഞു. ഗില്ലും അഭിഷേകും പഞ്ചാബിൽ നിന്നുള്ള താരങ്ങളാണ്. ജൂനിയർ ക്രിക്കറ്റിലും ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്.

കളിക്കാനിറങ്ങയിപ്പോഴെ തൻറെ ദിവസമാണെന്ന് തോന്നിയിരുന്നുവെന്നും അത് പരമാവധി മുതലാക്കാനായിരുന്നു ശ്രമിച്ചതെന്നും മത്സരത്തിലെ മാൻ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടശേഷം അഭിഷേക് പറഞ്ഞിരുന്നു. ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം എൻറെ ആത്മവിശ്വാസം കെടാതെ കാത്തതിന് പരിശീലകരോടും സപ്പോർട്ട് സ്റ്റാഫിനോടും നന്ദിയുണ്ട്. ഞാനെപ്പോഴും കരുതുന്നത് യുവതാരമെന്ന നിലയിൽ നിങ്ങളുടേതായ ദിവസമാണെന്ന് തോന്നിയാൽ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ്. ബാറ്റിംഗിനിടെ റുതുരാജുമായി തുടർച്ചയായി സംസാരിച്ചിരുന്നു. ഇന്ന് നിൻറെ ദിവസമാണ്, അതുകൊണ്ട് അടിച്ചു തകർക്കാനാണ് റുതുരാജ് പറഞ്ഞത്. എൻറെ മേഖലയിലാണെങ്കിൽ അത് ആദ്യ പന്ത് ആയാലും ഞാൻ സിക്സ് അടിച്ചിരിക്കും-അഭിഷേക് പറഞ്ഞു.

ഗില്ലിൻറെ ബാറ്റ് കൊണ്ട് അഭിഷേകിന് ഭാഗ്യമുണ്ടായെങ്കിലും ഗില്ലിന് സമീപകാലത്ത് പക്ഷെ മികവിലേക്ക് ഉയരാനായിട്ടില്ലെന്നതാണ് രസകരമായ കാര്യം. ഐപിഎല്ലിൽ ഗുജറാത്ത് നായകനായിരുന്ന ഗില്ലിന് ശരാശരി പ്രകടനം മാത്രമെ പുറത്തെടുക്കാനായിരുന്നുള്ളു. പിന്നാലെ ടി20 ലോകകപ്പ് ടീമിൽ റിസർവ് താരം മാത്രമായാണ് താരം ഇടം നേടിയത്. സിംബാബ്‌വെക്കെതിരായ ആദ്യ ടി20യിൽ 31 റൺസെടുത്ത് ടോപ് സ്കോററായെങ്കിലും ഇന്ത്യ തോറ്റു. രണ്ടാം മത്സരത്തിലാകട്ടെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ രണ്ട് റൺസിന് പുറത്താവുകയും ചെയ്തു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *