Your Image Description Your Image Description

അന്താരാഷ്ട്രതലത്തിൽ നടത്തെപ്പെടുന്ന ഒരു വിവിധയിനം കായിക മൽസരങ്ങളുടെ പോരാട്ടമാണ് ഒളിമ്പിക്സ് അഥവാ ഒളിമ്പിക്സ് ഗെയിംസ്. ഇതിന് വേനൽക്കാലമേള, ശൈത്യകാലമേള എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. നാല് വർഷം കൂടുമ്പോഴാണ് രണ്ടും നടത്തപ്പെടുന്നത്. 1992 വരെ രണ്ടു മേളകളും ഒരേ വർഷം തന്നെയായിരുന്നു നടത്തിയിരുന്നത്. അതിനുശേഷം ഓരോന്നും രണ്ടു വർഷം ഇടവിട്ട് നടത്താനാരംഭിച്ചു.

രണ്ട് തലമുറയിലുള്ള ഒളിമ്പിക്സുകൾ ഉണ്ടായിട്ടുണ്ട്. പുരാതന ഒളിമ്പിക്സ് ആണ് ആദ്യത്തേത്. ഗ്രീസിലെ ഒളിമ്പിയയിലാണ് ഇത് നടത്തപ്പെട്ടിരുന്നത്. രണ്ടാം തലമുറ ഒളിമ്പിക്സ് ആധുനിക ഒളിമ്പിക്സ് എന്നാണ് അറിയപ്പെടുന്നത്. 1896-ൽ ഗ്രീസിലെ ഏഥൻസിലാണ് ആദ്യ ആധുനിക ഒളിമ്പിക്സ് നടന്നത്.

പുരാതന ഒളിമ്പിക്സ് – ഐതിഹ്യങ്ങൾ

പുരാതന ഒളിമ്പിക്സിന്റെ ആരംഭത്തെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ട്. ഹെറാക്ലീസിനെയും പിതാവ് സിയൂസിനെയുമാണ് ഒളിമ്പിക്സിന്റെ ഉപജ്ഞാക്കളായി കണക്കാക്കുന്നത്. ആ ഐതിഹ്യമനുസരിച്ച്, താൻ ക്രോണസിനെ പരാജയപ്പെടുത്തി സ്വർഗ്ഗത്തിന്റെ അധിപനായതിന്റെ ഓർമ്മയ്ക്കായാണ് സിയൂസ് കായിക മത്സരങ്ങൾ നടത്തിയത്. അതിലെ ഒരു ഓട്ട മത്സരത്തിൽ സിയൂസിന്റെ മൂത്ത പുത്രനായ ഹെറാക്കിൾസ് സഹോദരന്മാരെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തി. കാട്ടൊലിവിന്റെ ചില്ലകൾ കൊണ്ട് നിർമിച്ച ഒരു കിരീടമാണ് ഹെറാക്കിൾസിന് സമ്മാനമായി ലഭിച്ചത്. ഐതിഹ്യമനുസരിച്ച് ഹെറാക്കിൾസാണ് ഒളിമ്പിക്സ് എന്ന പേര് ആദ്യമായി ഉപയോഗിച്ചതും നാല് വർഷം കൂടുമ്പോൾ ഇത് നടത്തുന്ന സമ്പ്രദായം നടപ്പിലാക്കിയതും.

എന്നാൽ ഇവിടെ നിന്നും ഐതിഹ്യം പലതായി വേർപിരിയുന്നു. അവയിൽ പ്രശസ്തമായ ഒരു കഥ: ഡെൽഫിയിലെ പ്രവാചകന്റെ നിർദ്ദേശപ്രകാരം, തനിക്ക് ലഭിച്ച 12 ദൗത്യങ്ങൾ നിർവഹിച്ചശേഷം ഒളിമ്പിക് സ്റ്റേഡിയവും അനുബന്ധ കെട്ടിടങ്ങളും സിയൂസിന്റെ ബഹുമാനാർത്ഥം നിർമിച്ചു. സ്റ്റേഡിയം നിർമിച്ചശേഷം അദ്ദേഹം ഒരു നേർരേഖയിൽ 200 ചുവടുകൾ വക്കുകയും ആ ദൂരത്തെ ‘സ്റ്റേഡിയോൺ’ എന്ന് വിളിക്കുകയും ചെയ്തു. ഇത് പിന്നീട് ദൂരത്തിന്റെ ഒരു ഏകകമായി മാറി.

പുരാതന ഒളിമ്പിക്സ് – ചരിത്രം

ബി.സി. 776-ന് പുരാതന ഒളിമ്പിക്സ് ആരംഭിച്ചുവെന്നാണ് ഏറ്റവും വ്യാപകമായ വിശ്വാസം. പുരാതന ഗ്രീസിൽ മുഴുവൻ വളരെ പ്രാധാന്യമുള്ള ഒന്നായി ഒളിമ്പിക്സ് വളർന്നു. ബിസി 6-5 നൂറ്റാണ്ടുകളിൽ പുരാതന ഒളിമ്പിക്സ് അതിന്റെ പാരമ്യത്തിലെത്തി. വളരെ മതപ്രാധാന്യമുള്ളതായിരുന്നു ഒളിമ്പിക്സ്. മത്സരാർത്ഥികൾ സിയൂസിനും പെലോപ്സിനും വേണ്ടി യാഗങ്ങൾ നടത്തിയിരുന്നു. മത്സരയിനങ്ങളുടെ എണ്ണം ഇരുപതായും ആഘോഷങ്ങൾ ഏഴ് ദിവസമായും നീണ്ടു. വിജയികൾ വളരെ ആരാധിക്കപ്പെട്ടിരുന്നു. കവിതകളിലൂടെയും ശിൽപങ്ങളിലൂടെയും അവർ അനശ്വരരായിത്തീർന്നു. നാല് വർഷങ്ങൾ കൂടുമ്പോഴാണ് ഒളിമ്പിക്സ് നടത്തപ്പെട്ടിരുന്നത്. രണ്ട് ഒളിമ്പിക്സുകൾക്കിടയിലുള്ള കാലം ഒരു ‘ഒളിമ്പ്യാഡ്’ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ഗ്രീക്കുകാർ ഒളിമ്പ്യാഡ് ഒരു ഏകകമായി ഉപയോഗിച്ചിരുന്നു.

റോമക്കാർ ഗ്രീസിൽ ആധിപത്യം നേടിയതോടെ ഒളിമ്പിക്സിന്റെ പ്രാധാന്യം ക്രമേണ കുറഞ്ഞ് വന്നു. എഡി 393 ചക്രവർത്തി തിയൊഡോഷ്യസ് ഒന്നാമൻ ക്രിസ്തുമതം, റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും പെയ്ഗൺ ആചാരനുഷ്ഠാനങ്ങൾ നിരോധിക്കുകയും ചെയ്തു. പെയ്ഗൺ ആചാരം എന്ന നിലയിൽ അതോടെ ഒളിമ്പിക്സും നിർത്തലാക്കപ്പെട്ടു. പിന്നീട് 1500 വർഷങ്ങൾക്ക് ശേഷമുണ്ടായ പുനർജന്മം വരെ ഒളിമ്പിക്സ് നടത്തപ്പെട്ടിട്ടില്ല. 1886 ലാണ് ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *