Your Image Description Your Image Description

തവളകളെ രക്ഷിക്കാൻ പുതിയ പദ്ധതിയുമായി ഓസ്ട്രേലിയൻ സർക്കാർ. നൂറുകണക്കിന് തവളയിനങ്ങൾ ഫംഗസ് ഭീഷണിയെ തുടർന്ന് അപകടത്തിലായതോടെയാണ് നൂതനാശയവുമായി സർക്കാരിൻറെ ഇടപെടൽ. ചെറുകിട രീതിയിലുള്ള ഗ്രീൻഹൗസ് ആവിമുറികൾ സ്ഥാപിച്ചാണ് തവളകളെ രക്ഷിക്കാൻ ഓസ്‌ട്രേലിയ പദ്ധതിയിടുന്നത്.

ഓസ്‌ട്രേലിയയിൽ തവളകൾ ഉൾപ്പെടെയുള്ള ചെറുജീവികൾക്ക് ഫംഗസ് ബാധ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. നിരവധി ഇനത്തിൽപ്പെട്ട ജീവികൾ ഇതിനോടകം തന്നെ അപ്രത്യക്ഷമായി കഴിഞ്ഞു. മറ്റുചിലതാകട്ടെ വംശനാശത്തിന്റെ വക്കിലും. ഫംഗസ് അണുബാധയ്ക്ക് ഒപ്പം തന്നെ കാലാവസ്ഥാവ്യതിയാനവും ആവാസവ്യവസ്ഥിതിയുടെ നാശവും ഇത്തരം ജീവികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. കൈറ്റിഡ് ഫംഗസ് എന്ന ഫംഗസാണ് ഇപ്പോൾ ഓസ്ട്രേലിയയിലെ തവള ഇനങ്ങൾക്കിടയിൽ വലിയ രീതിയിൽ വ്യാപിച്ചിരിക്കുന്നത്. ഇത് വലിയ പ്രതിസന്ധിയാണ് ഈ ജീവികളുടെ നിലനിൽപ്പിന് സൃഷ്ടിക്കുന്നത്.

നിലവിൽ ഓസ്ട്രേലിയയിലെ ആറ് തവള ഇനങ്ങൾക്ക് ഫംഗസ് ബാധയെത്തുടർന്ന് വംശനാശം സംഭവിച്ചു കഴിഞ്ഞു. മറ്റു വൻകരകളിലും ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഓസ്ട്രേലിയയിലെ സ്ഥിതി രൂക്ഷമാണ്. ഇതിനൊരു പരിഹാരം എന്ന രീതിയിലാണ് ഇപ്പോൾ ഗ്രീൻ ഹൗസ് ആശയം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഓസ്‌ട്രേലിയയിലെ മക്വാറി സർവകലാശാലയിലെ ഡോ. ആന്റണി വാഡിലും സംഘവുമാണ് ഗ്രീൻഹൗസ് ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഗ്രീൻ ആൻഡ് ബെൽ ഫ്രോഗ്‌സ് എന്ന പ്രത്യേക തവളയിനത്തെ രക്ഷിക്കാനായാണ് ഇവരുടെ ശ്രമം.

28 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനിലയെ അതിജീവിക്കാൻ ഈ ഫംഗസുകൾക്ക് സാധ്യമല്ല. അതുകൊണ്ടുതന്നെ വേനൽക്കാലത്ത് തവളകൾക്ക് ഇവയുടെ ആക്രമണം കാര്യമായി ഏൽക്കാറില്ല. എന്നാൽ തണുപ്പുകാലത്ത് സ്ഥിതി നേരെ തിരിച്ചാണ്. അതുകൊണ്ടുതന്നെ തണുപ്പു കാലത്ത് ഫംഗസിനെ പ്രതിരോധിക്കാനായി ഗ്രീൻഹൗസുകൾ പോലുള്ള ആവിമുറികൾ സൃഷ്ടിക്കുകയാണ് ഗവേഷകർ ചെയ്യുന്നത്.
പിവിസി, ഗ്രാവൽ, കട്ടകൾ തുടങ്ങിയവ ഉപയോഗിച്ച് നിർമിച്ച ഈ ചെറുഗ്രീൻഹൗസുകൾ മനുഷ്യർ ഉപയോഗിക്കുന്ന ആവിമുറികൾ പോലെ പ്രവർത്തിക്കുന്നവയാണ്. പരീക്ഷണാർത്ഥത്തിൽ ഇവയിൽ താമസിപ്പിച്ച തവളകളുടെ ഫംഗസ് ബാധ പൂർണമായും കുറഞ്ഞു എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഗവേഷണ റിപ്പോർട്ട് നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *